
വടകര: വിദേശത്തുനിന്ന് നാട്ടിലേക്ക് വരുന്നതിനിടെ പ്രവാസി യുവാവ് ട്രെയിനില്‍നിന്ന് വടകര മൂരാട് പുഴയില്‍ വീണു. അഗ്നിരക്ഷാ സേന എത്തുന്നതിനു മുമ്പ് യുവാവ് നീന്തി കരയ്ക്കു കയറി.
കാസര്‍കോട് കാട്ടക്കല്‍ കളനാട് സ്വദേശി മുനാഫര്‍ (28) ആണ് പാലത്തിലൂടെ പോകുകയായിരുന്ന ട്രെയിനില്‍നിന്ന് പുഴയിലേക്കു വീണത്. ഇന്ന് രാവിലെ കോയമ്പത്തൂര്‍ മംഗളൂരു ഇന്റര്‍സിറ്റി എക്സ്പ്രസില്‍ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം.
പുഴയിലേക്ക് ആരോ വീഴുന്നതു കണ്ട് നാട്ടുകാര്‍ പോലീസിലും അഗ്നിരക്ഷാ സേനയിലും വിവരമറിയിച്ചു. അഗ്നിരക്ഷാ സേന എത്തി തിരച്ചില്‍ നടത്താന്‍ തുടങ്ങിയപ്പോഴേക്കും മുനാഫര്‍ നീന്തി കരയ്ക്ക് കയറിയിരുന്നു. ഇയാളെ പോലീസ് ആശുപത്രിയിലെത്തിച്ചു.
വിദേശത്തുനിന്ന് കോയമ്പത്തൂരില്‍ വിമാനമിറങ്ങി കാസര്‍കോട്ടേക്കു പോകുമ്പോഴാണ് അപകടമുണ്ടായതെന്ന് മുനാഫര്‍ പോലീസിനോട് പറഞ്ഞു. ട്രെയിനിന്റെ വാതിലില്‍ ഇരുന്ന് യാത്ര ചെയ്യുമ്പോള്‍ താഴേക്ക് വീണതാണെന്നും ഇയാള്‍ പറഞ്ഞു. മുനാഫറിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ബന്ധുക്കളെ വിവരമറിയിച്ചെന്നും പോലീസ് അറിയിച്ചു.
