മനാമ: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് പ്രവാസി വെൽഫെയർ സംഘടിപ്പിച്ച അൽ റബീഹ് വിന്നേഴ്സ് ട്രോഫിക്കും മാളൂസ് റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള പ്രവാസി ബാഡ്മിൻറൺ ടൂർണമെന്റിലെ അത്യന്തം ആവേശകരമായ പോരാട്ടത്തിനൊടുവിൽ കിംസ് ഹെൽത്ത് അൽ റബീഹ് വിന്നേഴ്സ് ട്രോഫി കരസ്ഥമാക്കിയപ്പോൾ ആദ്യാവസാനം വരെ പൊരുതികളിച്ച സ്മാഷേഴ്സ് ബാഡ്മിൻറൻ ക്ലബ്ബ് മാളൂസ് റണ്ണേഴ്സ് ട്രോഫിക്ക് അർഹരായി.
ബഹ്റൈനിലെ പ്രമുഖ ബാഡ്മിൻറൺ ടീമുകൾ മാറ്റുരച്ച മത്സരത്തിൽ കിംസ് ഹെൽത്ത്നു വേണ്ടി ബിബീഷ് ബാലകൃഷ്ണനും അരുൺ രാജും പൊരുതിയപ്പോൾ സ്മാഷേഴ്സ് ബാഡ്മിൻറൻ ക്ലബിന് വേണ്ടി ഫൈസൽ സലീമും മുഹമ്മദ് ഷഹ്സാദും റാക്കാറ്റേന്തി.
ബഹ്റൈനിലെ പ്രശസ്ത ആക്റ്റിവിസ്റ്റും യോഗ പരിശീലകയുമായ ഫാത്തിമ അൽ മൻസൂരി ബാഡ്മിൻറൺ ടൂർണമെൻറ് ഉദ്ഘാടനം ചെയ്തു. കായിക മേഖലയിലെ പ്രവർത്തനങ്ങൾ യുവത ശക്തിപ്പെടുത്തണമെന്ന് അവർ പറഞ്ഞു. പ്രവാസി വെൽഫെയർ പ്രസിഡന്റ് ബദറുദ്ദീൻ പൂവാർ അധ്യക്ഷത വഹിച്ചു. ബഹ്റൈനിലെ സാമൂഹിക പ്രവർത്തകരായ നാസർ മഞ്ചേരി, ബഷീർ അമ്പലായി, അബ്രഹാം ജോൺ, റഷീദ് മാഹി, അൻവർ നിലമ്പൂർ, അബ്ദുസ്സലാം, സുനിൽ ബാബു, അബ്ബാസ് മലയിൽ, മുജീബ് മാഹി, ബഷീർ കെ. പി മൊയ്തീൻ കെ. ടി എന്നിവർ കളിക്കാരെ അഭിവാദ്യം ചെയ്തു. ജനറൽ സെക്രട്ടറി സി എം മുഹമ്മദലി സ്വാഗതവും ബാഡ്മിൻറൺ കൺവീനർ പി. ഷാഹുൽ നന്ദിയും പറഞ്ഞു. ബാഡ്മിൻറൺ ഏഷ്യ സർട്ടിഫൈഡ് ഇൻറർനാഷണൽ അമ്പയർ ഷാനിൽ അബ്ദുറഹീം, ബഹറൈൻ നാഷണൽ അക്രഡിറ്റഡ് അമ്പയർമാരായ അൻവർ, റഷീദ് അമ്പയർമാരായ ഫൈസൽ എം. സി, ഫൈസൽ എന്നിവർ കളി നിയന്ത്രിച്ചു