തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ മുഴുവൻ വകുപ്പുകളും പ്രവാസികൾക്കായി പ്രത്യേകം ഓൺലൈൻ സേവനങ്ങൾ നൽകണമെന്ന് നിർദേശിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിൻറെ ആദ്യ ഘട്ടമെന്ന നിലയിലാണ് പ്രവാസികൾ ഏറ്റവും കൂടുതൽ ബന്ധപ്പെടുന്ന റവന്യൂ വകുപ്പിൽ പ്രവാസി സെല്ലും പ്രവാസിമിത്രം പോർട്ടലും ആരംഭിച്ചിട്ടുള്ളത് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. റവന്യു വകുപ്പ് ആരംഭിച്ച പ്രവാസി സെൽ, പ്രവാസിമിത്രം പോർട്ടൽ എന്നിവയുടെ ഉദ്ഘാടനം നിയമസഭാ മന്ദിരത്തിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെ സർവതോന്മുഖമായ പുരോഗതിയിൽ സുപ്രധാന പങ്ക് വഹിക്കുന്നവരാണ് പ്രവാസികൾ. എന്നാൽ സർക്കാർ സേവനങ്ങൾ സമയബന്ധിതമായി പ്രവാസികൾക്ക് ലഭ്യമാകുന്നില്ല എന്ന പരാതി എല്ലാ കാലത്തും ഉയർന്നുവരാറുണ്ട്. വർഷത്തിൽ ചെറിയ സമയം മാത്രം നാട്ടിൽ വരുന്ന പ്രവാസികൾക്ക് പെട്ടെന്ന് തന്നെ ജോലിസ്ഥലത്തേക്ക് മടങ്ങേണ്ടി വരുന്നതിനാൽ സമയബന്ധിതമായി സേവനങ്ങൾ ലഭ്യമായിരുന്നില്ല. ഇത് കഴിഞ്ഞ ലോക കേരളസഭയിൽ ഉന്നയിക്കപ്പെട്ടിരുന്നു. ഇക്കാര്യം പരിഹരിക്കാമെന്ന് അന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നു. ആ വാഗ്ദാനമാണ് ഒരു വർഷം തികയുന്നതിന് മുമ്പ് തന്നെ സംസ്ഥാന സർക്കാർ പാലിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ലോകത്തിന്റെ ഏതു കോണിലിരുന്നും ഇനി റവന്യൂ, സർവേ വകുപ്പുകളുമായി ബന്ധപ്പെട്ട സേവനങ്ങൾ പ്രവാസികൾക്ക് ഓൺലൈനായി ലഭ്യമാകും. പ്രവാസികളുടെ അപേക്ഷ/പരാതിയുടെ സ്റ്റാറ്റസ് അറിയാൻ പ്രവാസിമിത്രം പോർട്ടലും സജ്ജീകരിച്ചിട്ടുണ്ട്. ഓരോ ജില്ലയിലും ജില്ലാ പ്രവാസി സെൽ ഓഫീസറായി ഡെപ്യൂട്ടി കളക്ടറേയും സ്റ്റേറ്റ് നോഡൽ ഓഫീസറായി ലാൻഡ് റവന്യൂ അസിസ്റ്റന്റ് കമ്മീഷണറെയും നിയമിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. പ്രവാസി സെൽ, പ്രവാസിമിത്രം പോർട്ടൽ എന്നിവയെക്കുറിച്ച് നോർക്കയും പ്രവാസി സംഘടനകളും പ്രവാസികൾക്കിടയിൽ ശക്തമായ ബോധവൽക്കരണം നടത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പ്രവാസി ക്ഷേമത്തിനും പുനരധിവാസത്തിനുമായി ഒട്ടേറെ പ്രവർത്തനങ്ങളാണ് സംസ്ഥാനം നടത്തിവരുന്നത്. കഴിഞ്ഞ് ഏഴുവർഷം ഇതിന് ഉത്തമ ഉദാഹരണമാണ്. നേരത്തെ പ്രവാസികൾക്കായി 13 സർക്കാർ പദ്ധതികൾ ഉണ്ടായിരുന്നത് ഇപ്പോൾ 22 ആയി ഉയർന്നു. നോർക്ക വകുപ്പിന് കഴിഞ്ഞ സാമ്പത്തിക വർഷം 147.51 കോടി രൂപയാണ് അനുവദിച്ചത്. കഴിഞ്ഞ ആറു വർഷത്തിനിടെ 22,000 കുടുംബങ്ങൾക്ക് സാന്ത്വനം പദ്ധതിവഴി 133 കോടി രൂപയുടെ ധനസഹായം വിതരണം ചെയ്തു.
നോർക്ക പുനരധിവാസ പദ്ധതിയിലൂടെ 84.49 കോടി രൂപ സബ്സിഡിയായി ഈ കാലയളവിൽ നൽകി. കോവിഡ് മൂലം തൊഴിൽ നഷ്ടപ്പെട്ടു തിരികെയെത്തിയ, സ്വയംതൊഴിൽ ചെയ്യാൻ സന്നദ്ധരായ പ്രവാസികൾക്കായി ആരംഭിച്ച ‘പ്രവാസി ഭദ്രതാ’ പദ്ധതി മികച്ച രീതിയിൽ മുന്നോട്ടു പോവുകയാണ്. പദ്ധതിയിൽ 5010 സംരംഭങ്ങൾ ഇതിനകം ആരംഭിച്ചു. കഴിഞ്ഞ സാമ്പത്തികവർഷം 90 കോടി രൂപ സബ്സിഡി വായ്പയായി പദ്ധതി മുഖേന നൽകിയെന്നും മുഖ്യമന്ത്രി അറിയിച്ചു. പരിപാടിയിൽ റവന്യൂ മന്ത്രി കെ രാജൻ അധ്യക്ഷത വഹിച്ചു.
റവന്യൂ, സർവേ വകുപ്പുകളിലെ വിവിധ വിഷയങ്ങൾ സംബന്ധിച്ച് തങ്ങളുടെ അപേക്ഷകളുടെ നിലവിലെ സ്ഥിതി യഥാസമയം പ്രവാസികളെ അറിയിക്കാൻ ലക്ഷ്യമിട്ട് തുടങ്ങിയ പദ്ധതിയാണ് പ്രവാസിമിത്രം പോർട്ടലെന്ന് മന്ത്രി വിശദീകരിച്ചു. പോർട്ടൽ മുഖാന്തരം ലഭിക്കുന്ന പരാതികൾ ജില്ലാതലത്തിലും സംസ്ഥാനതലത്തിലും അവലോകനം ചെയ്യുന്നതിനായി രൂപീകരിച്ചിട്ടുള്ളതാണ് പ്രവാസി സെൽ സംവിധാനം. മൂന്ന് തലങ്ങളിൽ പ്രവാസി സെൽ സംവിധാനം സർക്കാർ മോണിറ്റർ ചെയ്യും. ജില്ലാ തലത്തിലുള്ള പ്രവാസി സെൽ, ഇത് മോണിട്ടർ ചെയ്യാനായി സംസ്ഥാനതലത്തിൽ ലാൻഡ് റവന്യൂ കമ്മീഷണർ ഓഫീസിൽ പ്രവർത്തിക്കുന്ന സെൽ, ഇതിന് പുറമെ റവന്യു മന്ത്രിയുടെ ഓഫീസിൽ പ്രവർത്തിക്കുന്ന സെൽ എന്നിങ്ങനെയാണ് മൂന്ന് ഘട്ടങ്ങളിൽ അവലോകനങ്ങൾ നടക്കുക. തങ്ങൾ നൽകിയ പരാതി/ അപേക്ഷയുടെ നിലവിലെ അവസ്ഥ പ്രവാസിമിത്രം പോർട്ടലിലൂടെ അന്വേഷിച്ചാൽ ദിവസങ്ങൾക്കകം മറുപടി ലഭിക്കാൻ സംവിധാനം ഒരുക്കിയിട്ടുണ്ട് എന്ന് മന്ത്രി രാജൻ കൂട്ടിച്ചേർത്തു.
പ്രവാസികൾക്കായുള്ള റവന്യു വകുപ്പിന്റെ രണ്ട് പദ്ധതികളും മാതൃകാപരമെന്ന് പരിപാടിയിൽ വിശിഷ്ടാതിഥിയായ സ്പീക്കർ എ.എൻ ഷംസീർ വിശേഷിപ്പിച്ചു. മന്ത്രിമാരായ വി ശിവൻകുട്ടി, ആൻറണി രാജു, ജി.ആർ അനിൽ, മേയർ ആര്യ രാജേന്ദ്രൻ, പ്രവാസി ഫെഡറേഷൻ വർക്കിംഗ് പ്രസിഡൻറ് ഇ.ടി ടൈംസൺ മാസ്റ്റർ എം.എൽ.എ, തോമസ് കെ തോമസ് എം.എൽ.എ, ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ്, നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ, വ്യവസായി ജെ.കെ മേനോൻ, ലോക കേരളസഭ ഡയറക്ടർ കെ വാസുകി, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, ലാൻഡ് റവന്യൂ കമ്മീഷണർ ടി.വി അനുപമ, ജില്ലാ കളക്ടർ ജെറോമിക് ജോർജ് തുടങ്ങിയവർ പങ്കെടുത്തു.