പ്രവാസ ലോകത്ത് കുടുംബത്തോടൊപ്പം തുടരാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന നിരവധി മലയാളികൾ ഈ സ്കൂൾ അവധിക്കാലത്ത് കുടുംബത്തെ നാട്ടിലേക്കയക്കുകയാണ്. നിലവിലെ സാഹചര്യങ്ങൾ കൂടാതെ എലെക്ട്രിസിറ്റി ബിൽ , വാറ്റ് , സ്കൂൾ ഫീസ്, ഫ്ലാറ്റ് വാടക ഇവയെല്ലാം ഇന്ന് ഗൾഫ് മലയാളികളെ ഏറെ കഷ്ടത്തിലാക്കി. അതുകൊണ്ടു തന്നെ ഇന്ന് ഏറെ ചെലവ് ചുരുക്കിയാണ് പ്രവാസികൾ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്.
ഈ സ്കൂൾ അവധിക്കാലത്ത് ടി.സി വാങ്ങി നാട്ടിലേക്കു പോകുന്നവരിൽ ഏറെ പേരും തങ്ങളുടെ കുട്ടികളെ സർക്കാർ സ്കൂളിൽ പഠിപ്പിക്കാൻ താത്പര്യപ്പെടുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്. വരുമാനം കുറഞ്ഞപ്പോൾ മലയാളികളുടെ പൊങ്ങച്ചത്തിൽ ഇടിവ് സംഭവിച്ചുവെന്നും ഇതിനെ കണക്കാക്കുന്നവരുണ്ട്. കൂടാതെ നാട്ടിലെ സർക്കാർ സ്കൂളുകളിൽ മികച്ച അധ്യാപകർ, കുറഞ്ഞ ഫീസ്, മികച്ച വിജയം എന്നിവയും പ്രവാസികളെ സർക്കാർ സ്കൂളുകളിലേക്ക് ആകർഷിക്കാൻ കാരണമാക്കി.ബഹറിനിലെ സാമൂഹിക പ്രവർത്തകരുടെ വാട്സ് ആപ്പ് കൂട്ടായ്മയായ ഇന്ത്യൻ സോഷ്യൽ വർക്കേഴ്സിൽ ഇതിനെക്കുറിച്ചു സജീവ ചർച്ച നടന്നിരുന്നു. ഓരോ രാഷ്ട്രീയ അനുഭാവികളും തങ്ങളുടെ പാർട്ടിയുടെ പ്രവർത്തനങ്ങളാണ് സർക്കാർ സ്കൂൾ ഇന്നത്തെ നിലയിൽ എത്താൻ കാരണമെന്ന് ന്യായീകരിച്ചിരുന്നു. എന്നാൽ പൊതുവെ പ്രവാസികൾക്ക് സർക്കാർ സ്കൂൾ പ്രിയപ്പെട്ടതായി മാറി എന്നതാണ് ഇന്നത്തെ യഥാർത്ഥ വസ്തുത.