അന്തരിച്ച കന്നഡ നടൻ പുനീത് രാജ്കുമാറിന്റെ സ്മരണാർത്ഥം പാവപ്പെട്ടവർക്ക് സൗജന്യ ആംബുലൻസ് നൽകി നടൻ പ്രകാശ് രാജ്. ‘അപ്പു എക്സ്പ്രസ്’ എന്ന് പേരിട്ടിരിക്കുന്ന ആംബുലൻസിന്റെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് പ്രകാശ് രാജ് ഇക്കാര്യം അറിയിച്ചത്. സമൂഹത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സൗജന്യ ആംബുലൻസ് സേവനം നൽകുമെന്ന് പ്രകാശ് രാജ് ഫൗണ്ടേഷൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആംബുലൻസ് കൈമാറിയത്.
“അപ്പു എക്സ്പ്രസ് – ആവശ്യമുള്ളവർക്ക് സൗജന്യ സേവനത്തിനായി ആംബുലൻസ് സംഭാവന ചെയ്യുന്നു. പ്രകാശ് രാജ് ഫൗണ്ടേഷന് ഈ സംരംഭത്തിന് തുടക്കം കുറിക്കുന്നു. ജീവൻ തിരികെ നല്കുന്നതിന്റെ സന്തോഷം’ പ്രകാശ് രാജ് ട്വിറ്ററിൽ കുറിച്ചു.
ഒക്ടോബർ 29നാണ് പുനീത് രാജ്കുമാർ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചത്. അദ്ദേഹത്തിന് 46 വയസ്സായിരുന്നു. ജിമ്മിൽ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.