
ദില്ലി: പിഎം ശ്രീ പദ്ധതിയുടെ കരാരിൽ ഒപ്പുവെച്ച സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരായ വിയോജിപ്പിച്ചിൽ സിപിഐയിൽ അമര്‍ഷം തിളയ്ക്കുന്നു. സിപിഎം ദേശീയ നേതൃത്വം വിഷയത്തിൽ ഇടപെടാത്തതിൽ സിപിഐയ്ക്ക് രൂക്ഷമായ അതൃപ്തിയാണുള്ളത്. സിപിഎം ജനറൽ സെക്രട്ടറിയുടെ മൗനം വേദനിപ്പിച്ചുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ പ്രകാശ് ബാബു ദില്ലിയിൽ പറഞ്ഞു.വിദ്യാഭ്യാസ മന്ത്രി എന്തെങ്കിലും നിർദേശംവെച്ചതായി അറിയില്ലെന്നും പിഎം ശ്രീയുടെ രേഖയിൽ എൻഇപി സമഗ്രമായി നടപ്പാക്കണമെന്ന് തന്നെയാണ് പറയുന്നതെന്നും കെ പ്രകാശ് ബാബു പറഞ്ഞു.ഡി രാജ ഭക്ഷണം പോലും കഴിക്കാതെ ആണ് എംഎ ബേബിയെ പോയി കണ്ടത്. എല്ലാ ചോദ്യങ്ങൾക്കും എംഎ ബേബിക്ക് മൗനം മാത്രം ആയിരുന്നു മറുപടി. ഇത് വ്യക്തിപരമായി വേദനിപ്പിച്ചു. ബേബി നന്നായി ഇടപെടാൻ അറിയുന്ന ആളാണെന്നും പ്രകാശ് ബാബു പറഞ്ഞു.
എന്നാൽ, ഇക്കാര്യത്തിൽ സംസ്ഥാന ഘടകങ്ങള്‍ ചര്‍ച്ച ചെയ്യട്ടെയെന്നായിരുന്നു എംഎ ബേബിയുടെ നിലപാട്. സിപിഎം ദേശീയ നേതൃത്വം കൈയൊഴിഞ്ഞതിൽ ഇന്നും അതൃപ്തി ആവര്‍ത്തിച്ചുകൊണ്ടായിരുന്നു പ്രകാശ് ബാബുവിന്റെ പ്രതികരണം. കടുത്ത തീരുമാനം ഉണ്ടാകുമോ എന്ന ചോദ്യത്തിന് നാളത്തെ സംസ്ഥാന നിർവാഹക സമിതി യോഗം നടക്കട്ടെയെന്നായിരുന്നു പ്രകാശ് ബാബുവിന്റെ മറുപടി. പദ്ധതി നടത്തിപ്പിലെ മെല്ലെ പോക്ക് അടക്കം സാധിക്കില്ലെന്ന നിലപാടിലാണ് പ്രകാശ് ബാബു. പിഎം ശ്രീ എൻഇപി നടപ്പാക്കാനുള്ള ഉപാധിയാണെന്നും കേരളത്തിലെ സ്കൂളുകൾ മികച്ച നിലയിലാണെന്നും അടിസ്ഥാന സൗകര്യ വികസനത്തിന്റെ കാര്യം പറഞ്ഞിട്ട് കാര്യമില്ലെന്നും പ്രകാശ് ബാബു പറഞ്ഞു.


