കാലിഫോർണിയ: ലോകത്തിലെ ആദ്യ റോബോട്ട് വക്കീലിനെതിരെ അമേരിക്കയിൽ കേസ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള സ്റ്റാർട്ടപ്പായ ഡുനോട്ട്പേ വികസിപ്പിച്ചെടുത്ത റോബോട്ട് അഭിഭാഷകനെതിരെ ലൈസൻസില്ലാതെ നിയമം പ്രാക്ടീസ് ചെയ്തുവെന്നാരോപിച്ച് നിയമ സ്ഥാപനമായ എഡൽസൺ ആണ് കേസ് കൊടുത്തത്. എഡൽസണിൻ്റെ അഭിപ്രായത്തിൽ, ഡുനോട്ട്പേ ഒരു റോബോട്ടോ അഭിഭാഷകനോ നിയമ സ്ഥാപനമോ അല്ല.
കാലിഫോർണിയ സ്വദേശിയായ ജൊനാഥൻ ഫാരിഡിയന് വേണ്ടിയാണ് മാർച്ച് 3ന് സാൻ ഫ്രാൻസിസ്കോ സ്റ്റേറ്റ് കോടതിയിൽ എഡൽസൺ കേസ് ഫയൽ ചെയ്തത്. ഡിമാൻഡ് ലെറ്ററുകൾ, എൽഎൽസി ഓപ്പറേറ്റിംഗ് കരാറുകൾ, ചെറിയ ക്ലെയിമുകളുമായി ബന്ധപ്പെട്ട കോടതി ഫയലിംഗുകൾ എന്നിവ തയ്യാറാക്കാൻ ജൊനാഥൻ ഡുനോട്ട്പേയുടെ റോബോട്ട് വക്കീലിൻ്റെ സഹായം തേടിയിരുന്നു. എന്നാൽ, നിലവാരമില്ലാത്തതും ഉപയോഗശൂന്യവുമായ ഫലങ്ങളാണ് തനിക്ക് ലഭിച്ചതെന്ന് ജൊനാഥൻ പറഞ്ഞു.
അതേസമയം, സംഭവത്തെക്കുറിച്ച് ഡുനോട്ട്പേ സിഇഒ ജോഷ്വ ബ്രൗഡർ പ്രതികരിച്ചു. ആരോപണങ്ങൾ നിരസിച്ച ബ്രൗഡർ, ജൊനാഥൻ ഡുനോട്ട്പേയുടെ സഹായത്തോടെ ഡസൻ കണക്കിന് ഉപഭോക്തൃ അവകാശ കേസുകൾ വിജയിച്ചതായി അവകാശപ്പെട്ടു.