മനാമ: തിരഞ്ഞെടുപ്പിന്റെ പേരിൽ നുണയുടെയും, വർഗ്ഗീയതയുടേയും പ്രവാഹമാണ് പരാജയഭീതിപൂണ്ട പ്രതിപക്ഷം എന്ന അവകാശപ്പെടുന്നവർ സമൂത്തിൽ ഒഴുക്കുന്നതെന്ന് പ്രോഗ്രസ്സിവ് പാരന്റ്സ് അലയൻസ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. മഹാമനസ്കരായ ബഹ്റൈൻ ഭരണകൂടം നമുക്ക് നൽകിയ സ്വാതന്ത്ര്യത്തെ ദുർവ്യയം ചെയ്യുകയാണ് ഇക്കൂട്ടർ. ആസന്നമായ ഇന്ത്യൻ സ്കൂൾ എക്സികുട്ടിവ് കമ്മറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ബിനു മണ്ണിൽ നേതൃത്വം നൽകുന്ന പ്രോഗ്രസ്സിവ് പാരന്റ്സ് അലയൻസ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് രക്ഷിതാക്കളോട് അഭ്യർത്ഥിച്ചു.
ഒരുവിദ്യാഭ്യാസ സ്ഥാപനത്തിന്റെ പ്രഥമ പരിഗണന അവിടെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മൂല്യാതിഷ്ഠിതവും, നൂതനവും, സാമൂഹിക പ്രതിബദ്ധതയും ഉള്ള വിദ്യാഭ്യാസം നൽകുക എന്നതായിരിക്കണം എന്ന് പിപിഎ വ്യക്തമാക്കി. അതിനുതകുന്ന പ്രവർത്തനമാണ് കഴിഞ്ഞ 9 വർഷമായി പ്രിൻസ് നടരാജന്റെയും, സജി ആന്റണിയുടെയും നേതൃത്വത്തിൽ നടത്തിവരുന്നത്. ആധുനിക വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടക്കമുള്ള പാഠ്യപദ്ധതികൾ ആ ലക്ഷ്യത്തിന്റെ ഭാഗമായാണ് സ്കൂളിൽ നടപ്പാക്കിയത്.
മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി സ്വതന്ത്രവും, ഭയരഹിതവുമായി വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതിന് ആവശ്യമായ സാഹചര്യം സ്കൂൾ ക്യാമ്പസിൽ ഒരുക്കുവാൻ ഭരണസമിതിക്ക് കഴിഞ്ഞു. അതുകൊണ്ടാണ് സിബിഎസ്ഇ കീഴിലുള്ള സ്കൂളുകളിൽ പഠന- പഠനേതര വിഷയങ്ങളിൽ കഴിഞ്ഞ 8 വർഷമായി ഉന്നതമായി സ്കൂൾ നിലനിൽക്കുന്നത്. പുതിയ എൻ ഇ പി പ്രകാരം വിദ്യാഭ്യാസ രംഗത്ത് ഇനിയും ആധുനിക വത്കരണവും, ശാസ്ത്ര-സാങ്കേതിക രംഗത്ത് നമ്മുടെ കുട്ടികളെ കൂടുതൽ ഉന്നതിയിലേക്ക് നയിക്കുന്നതിനുള്ള പ്രവർത്തനവും നടത്തേണ്ടതുണ്ട്. അതിന് ഉതകുന്ന ഒരു പുതിയ പാനലിനെയാണ് സ്കൂൾ ഭരണരംഗത്ത് പരിചയ സമ്പന്നതയുള്ള ബിനു മണ്ണിലിന്റെ നേതൃത്വത്തിൽ പിപിഎ മുന്നോട്ട് വച്ചിട്ടുള്ളത്. ഇവരെല്ലാവരും പിപിഎയുടെ പ്രഖ്യാപിത നയം പോലെ കമ്മറ്റിയുടെ കാലാവധി കഴിയുന്നത് വരെ രക്ഷിതാക്കളും ആയിരിക്കും.
എന്നാൽ സർക്കാർ തീരുമാനത്തിന്റെയും കോടതി വിധിയുടെയും പശ്ചാത്തലത്തിൽ സ്കൂൾ ഭാരവാഹിത്തിൽ തുടരേണ്ടതായിവന്ന പ്രിൻസ് നടരാജൻ അടക്കമുള്ളവരെ സമൂഹ മധ്യത്തിൽ രക്ഷിതാക്കൾ അല്ല എന്ന് അപമാനിച്ച പ്രതിപക്ഷത്തോട് തങ്ങൾ മുന്നോട്ട് വച്ചിട്ടുള്ള സ്ഥാനാർഥികളിൽ എത്രപേർ കമ്മറ്റിയുടെ കാലാവധി കഴിയുന്നത് വരെ ഇന്ത്യൻ സ്കൂൾ രക്ഷകർത്താക്കൾ ആയിരിക്കും എന്ന് പ്രഖ്യാപിക്കുവാൻ ധൈര്യം ഉണ്ടോ എന്ന് പിപിഎ ചോദിച്ചു. കോവിഡ് കാലപ്രതിസന്ധിയിൽ അടക്കം സ്കൂളിനെ സുസ്ത്യാർഹമായി മുന്നോട്ട് നയിച്ച പ്രിൻസ് നടരാജൻ നേതൃത്വം നൽകുന്ന ഭരണ സമിതിയെയും അതിൽ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയുന്ന അഡ്വ ബിനുമണ്ണിലിന് എതിരെയും ഒരു തരത്തിലുള്ള അഴിമതിആരോപണങ്ങളോ, സ്വഭാവദൂഷ്യമോ ഉന്നയിക്കുവാൻ കഴിയാത്ത സാഹചര്യത്തിൽ കേസിന്റെ പേരിൽ അദ്ദേഹത്തെ തിരഞ്ഞെടുപ്പിൽ നിന്നും മാറ്റി നിറുത്തുന്നതിന് സുപ്രീം കോർട്ട് ഓഫ് ഇന്ത്യയിൽ അദ്ദേഹത്തിനെതിരെ കേസ് നൽകിയിരിക്കുകയാണ് പ്രതിപക്ഷം. ബഹറിൻ നിയമവ്യവസ്തക്ക് കീഴിൽ തങ്ങൾ ഉന്നയിക്കുന്ന ആരോപണം നിലനിൽക്കില്ല എന്ന് കണ്ടവർ ഇന്ത്യൻ സ്കൂൾ ബഹറിൻ, ബഹറിൻ നീതിന്യായ വ്യസ്ഥക്ക് കീഴിൽ വരുന്നതാണ് എന്ന സാമാന്യ ബോധം പോലും ഇല്ലാത്തവരാണ് ഇതെന്ന് തെളിയിക്കുന്നു. പിപിഎ വ്യക്തമാക്കി.
പാറ്റക്ക് മരുന്ന് അടിക്കുന്നതിന്റെ പേരിലും, കുട്ടികൾക്ക് ഭക്ഷണം വാങ്ങി നൽകി എന്നുപറഞ്ഞും, സ്റ്റേഷനറി, കച്ചവടത്തിന്റെ പേരിലും, റിഫക്യാമ്പസ് നിർമാണത്തിന്റെ പേരിലും കോടികൾ അടിച്ച് മാറ്റിയ പ്രതിപക്ഷ ഭരണകാലത്തെ അഴിമതികളെയും സ്വജ്ജന പക്ഷ പാതത്തെയും സംബന്ധിച്ച് ഇന്നാട്ടിലെ കുട്ടികൾക്ക് പോലും അറിവുള്ളതാണ്. അത് കൂടുതൽ വിശദീകരിക്കുവാൻ ആഗ്രഹിക്കുന്നില്ല. റിഫ ക്യാമ്പസ് നിർമാണവുമായി ബന്ധപ്പെട്ട് ഇൻഫ്രാസ്ട്രക്ചർ ഫീസ് ആയി 2015 മുതൽ 2023 വരെ സമാഹരിച്ചത് 3955320 ദിനാർ ആണ് എന്നാൽ ബാങ്ക് ലോൺ റിപ്പേയമെന്റ് അടക്കം 4236817 ദിനാർ ചിലവാക്കിയിട്ടുണ്ട് ഈ കാലയളവിൽ. അതോടൊപ്പം മുൻ കമ്മറ്റി ടീച്ചേഴ്സിന്റെ ഇൻഡമിനിട്ടി അനുകൂല്യങ്ങൾ നൽകേണ്ട റിസർവ് ഫണ്ട് പണയം വച്ചിട്ടും 2015മുതൽ 23 വരെയുള്ള കാലയളവിൽ സ്കൂളിൽ നിന്ന് റിട്ടയർ ചെയ്ത 200ൽ പരം ജീവനക്കാർ അടക്കം എല്ലാ ജീവനക്കാർക്കും മുഴുവൻ ആനുകൂല്യങ്ങളും നൽകിയിട്ടുണ്ട്.
എന്നാൽ പ്രതിപക്ഷ ഭരണകാലത്ത് 2013 മുതൽ 2014 വരെയുള്ള സമയത്ത് ഇൻഫ്രാസ്ട്രക്ചർ ഫീ എന്നപേരിൽ രക്ഷിതാക്കളിൽ നിന്ന് 7,78,521 ദിനാർ സമാഹരിച്ചിട്ടുണ്ട്. ആ കാലത്ത് ഒരു ദിനാർ പോലും വായ്പ തിരിച്ചടച്ചിട്ടില്ല. അപ്പോൾ ആ പണം എന്ത് ചെയ്തുവെന്ന് അന്ന് ഭരണത്തിലുണ്ടായവർ വ്യക്തമാക്കുവാൻ തയ്യാറുണ്ടോ? പൊള്ളയായ വാഗ്ദാനങ്ങൾ നൽകി രക്ഷകർത്താക്കളെ തെറ്റ് ധരിപ്പിച്ച് അധികാരത്തിൽ എത്തുക എന്നത് പിപിഎയുടെ നയമല്ല ഇന്ത്യൻ സ്കൂൾ എന്ന മഹാപ്രസ്ഥാനത്തെ സാധാരണക്കാരന്റെ പ്രതീക്ഷയെ അതിന്റെ എല്ലാർത്ഥത്തിലും സംരക്ഷിക്കും എന്ന് മാത്രം സൂചിപ്പിച്ചുകൊണ്ട് പിപിഎ സ്ഥാനാർഥികളെ വിജയിക്കുവാൻ രക്ഷകർതൃ സമൂഹത്തോട് വിനീതമായി അഭ്യർത്ഥിക്കുന്നു.
വാർത്ത സമ്മേളനത്തിൽ അഡ്വ. ബിനുമണ്ണിൽ, സ്ഥാനാർത്ഥികൾ പിപിഎ ഇലക്ഷൻ കമ്മറ്റി നേതാക്കൾ എന്നിവർ പങ്കെടുത്തു.