തിരുവനന്തപുരം: സി.പി.ഐയുടെ രാജ്യസഭാ സ്ഥാനാർത്ഥിയായി പാർട്ടി ദേശീയ കൗൺസിൽ അംഗവും സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയുമായ പി.പി. സുനീറിനെ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. അബൂബക്കർ – പി.എൻ. ആയിഷ ദമ്പതികളുടെ മകനായി 1968ൽ മഞ്ചേരിയിലാണ് സുനീറിൻറെ ജനനം. ഭാര്യ ഷാഹിനയും രണ്ട് പെൺമക്കളും ഒരു മകനുമടങ്ങുന്നതാണ് കുടുംബം. വെളിയംകോട് ഹൈസ്കൂളിൽ സ്കൂൾ വിദ്യാഭ്യാസവും, തൃശ്ശൂർ സെൻറ് അലോഷ്യസ് കോളേജിൽ നിന്ന് പ്രീഡിഗ്രിയും തൃശ്ശൂർ കേരള വർമ്മ കോളേജിൽ നിന്ന് ബിരുദവും പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി.
സ്കൂൾ വിദ്യാഭ്യാസ കാലത്ത് തന്നെ ഓൾ ഇന്ത്യ സ്റ്റുഡൻറ്സ് ഫെഡറേഷനിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചു. കോളേജ് വിദ്യാഭ്യാസ കാലത്ത് രണ്ട് പ്രാവശ്യം കോഴിക്കോട് സർവ്വകലാശാല യൂണിയൻ വൈസ് ചെയർമാനായി തെരഞ്ഞെടുക്കപ്പെടുകയുണ്ടായി.
തുടർന്ന് ഓൾ ഇന്ത്യ യൂത്ത് ഫെഡറേഷനിലും കമ്മ്യൂണിസ്റ്റ് പാർട്ടിയിലും മുഴുവൻ സമയ പ്രവർത്തകനായി 1999ൽ പൊന്നാനി മണ്ഡലത്തിൽനിന്ന് ലോകസഭയിലേയ്ക്ക് കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർത്ഥിയായി മുസ്ലിം ലീഗിലെ ജി.എം. ബനാത്ത് വാലയ്ക്കെതിരെയും 2004 ൽ പൊന്നാനി മണ്ഡലത്തിൽനിന്ന് മുസ്ലിം ലീഗ് സ്ഥാനാർഥി ഇ. അഹമ്മദിനെതിരെയും 2019ൽ വയനാട് മണ്ഡലത്തിൽനിന്ന് രാഹുൽ ഗാന്ധിക്കെതിരെയും മത്സരിച്ചിരുന്നു.
2005 ൽ മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മാറഞ്ചേരി വാർഡിൽ നിന്ന് ജില്ലാ പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. സി.പി.ഐ. മലപ്പുറം ജില്ലാ സെക്രട്ടറിയായും എൽ.ഡി.എഫ്. മലപ്പുറം ജില്ലാ കൺവീനറായും പ്രവർത്തിച്ചിരുന്നു. കേരള പ്രവാസി ഫെഡറേഷൻ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചുവരുന്നു. നിലവിൽ കേരള സംസ്ഥാന ഹൗസിംഗ് ബോർഡ് ചെയർമാനായി ചുമതല നിർവ്വഹിച്ചുവരുന്നു.