കോഴിക്കോട്: ‘ഹരിത’ മുൻ ഭാരവാഹികളെ പിന്തുണച്ച എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പി പി ഷൈജിലിനെ സ്ഥാനത്ത് നിന്ന് നീക്കി. അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. എംഎസ്എഫിന്റെയും ലീഗിന്റെയും എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കിയെന്ന് സംസ്ഥാന കമ്മിറ്റി അറിയിച്ചു. ഹരിതയുടെ പരാതി കൈകാര്യം ചെയ്ത് വഷളാക്കിയത് പിഎംഎ സലാമാണെന്ന് ലീഗ് ദേശീയ നേതൃത്വത്തിന് കത്തുകൊടുത്ത എട്ട് എംഎസ്എഫ് നേതാക്കളില്‍ ഒരാളാണ് ഷൈജൽ.
പരാതിക്കാര്‍ക്ക് പിന്തുണ നല്‍കിയവരെ ഒറ്റപ്പെടുത്താനാണ് ശ്രമമെന്നും ആരോപണ വിധേയര്‍ ഗൂഢാലോചന നടത്തുകയാണെന്നും ഷൈജല്‍ ദിവസങ്ങള്‍ക്ക് മുമ്പ് ആരോപിച്ചിരുന്നു. പുതിയ ഹരിത ഭാരവാഹികളെ തീരുമാനിക്കുന്നതില്‍ ചര്‍ച്ചകളുണ്ടായില്ല. ഹരിത വിഷയത്തില്‍ താന്‍ സത്യത്തിനൊപ്പമാണ്. അഭിപ്രായം പറയുന്നവരെ ടാർഗറ്റ് ചെയ്യുന്ന സ്ഥിതിയാണ് പാർട്ടിയിലുള്ളതെന്നും ഷൈജല്‍ പറഞ്ഞിരുന്നു.