തിരുവനന്തപുരം: പോക്സോ-ബാലനീതി നിയമവുമായി ബന്ധപ്പെട്ട് സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോയിലെയും ഡിസ്ട്രിക്ട് ക്രൈം റെക്കോർഡ്സ് ബ്യൂറോയിലെയും ഉദ്യോഗസ്ഥരുമായി സംസ്ഥാനബാലാവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തിൽ കൂടിയാലോചനാ യോഗം ചേർന്നു. വെള്ളയമ്പലം സോഷ്യൽ സർവീസ് സൊസൈറ്റി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്സൺ കെ.വി മനോജ് കുമാർ ആമുഖ പ്രഭാഷണം നടത്തി.
ഭേദഗതി വരുത്തിയ പോക്സോ നിയമവുമായി ബന്ധപ്പെട്ട് , കൂടിയാലോചനാ യോഗത്തിലെ നിർദേശങ്ങളും അഭിപ്രായങ്ങളും വിലയിരുത്തലുകളും റിപ്പോർട്ടായി സർക്കാരിന് സമർപ്പിക്കുമെന്ന് കമ്മീഷൻ ചെയർപേഴ്സൺ പറഞ്ഞു. ഇതിൽ പോരായ്മകളുണ്ടെങ്കിൽ അവ പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പോക്സോ കേസുകളിലെ വിവര ശേഖരണത്തിനായി ബാലവകാശ കമ്മീഷൻ തയാറാക്കിയ പരിഷ്കരിച്ച മാതൃകാ ചോദ്യാവലി സംബന്ധിച്ച് യോഗത്തിലെ നിർദേശങ്ങളും കമ്മീഷൻ പരിശോധിക്കും. പോക്സോ കേസുകളിലെ വിവരങ്ങൾ ഓരോ മാസവും കമ്മീഷനിൽ ലഭ്യമാക്കുന്നതിനായി ചോദ്യാവലി പോലീസ് മേധാവി വഴി ജില്ലാ സൂപ്രണ്ടുമാർക്ക് കൈമാറാനും യോഗത്തിൽ തീരുമാനമായി.
കമ്മീഷൻ മെമ്പർമാരായ ബബിതാ ബൽരാജ്, കെ.നസീർ, പി.പി ശ്യാമളാദേവി, ഫാദർ ഫിലിപ്പ് പരക്കാട്ട്, സീനിയർ ടെക്നിക്കൽ ഓഫീസർ ആൽഫ്രഡ് ജെ.ജോർജ്, സെക്രട്ടറി അനിതാ ദാമോദരൻ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.