മലപ്പുറം: വിദ്യാര്‍ത്ഥികളെ ലൈംഗിക ചൂഷണത്തിനിരയാക്കി പോക്സോ കേസില്‍ അറസ്റ്റിലായ മലപ്പുറം നഗരസഭാ മുന്‍ കൗണ്‍സിലറും അധ്യാപകനുമായ കെ.വി. ശശികുമാറിനെതിരെ കൂടുതല്‍ പരാതികൾ. ശശികുമാർ ആൺകുട്ടികളെയും ചൂഷണം ചെയ്തുവെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം. മലപ്പുറം സി.ഐ ജോബി തോമസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പഠനസമയത്ത് ഇയാൾ ആണ്‍കുട്ടികളെയും ചൂഷണം ചെയ്തിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം.
പൂര്വവിദ്യാർത്ഥികളില് നിന്നുതന്നെ ഇയാൾക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയർന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു പൊലീസിന്റെ അന്വേഷണം. 30 വർഷത്തെ സർവീസിൽ ശശികുമാർ ഒട്ടനേകം കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് വെളിപ്പെടുത്തൽ. ശശികുമാർ വിരമിച്ച ദിവസം സാമൂഹ്യ മാധ്യമത്തിൽ ഇട്ട പോസ്റ്റിനു കീഴിൽ ആണ് ആദ്യം മീ ടൂ ആരോപണം വന്നത്. ഇതിനു പിന്നാലെ, കഴിഞ്ഞ ദിവസം സ്കൂളിലെ മുൻ വിദ്യാർത്ഥികളുടെ കൂട്ടായ്മ അധ്യാപകന് എതിരെ പരസ്യമായി രംഗത്ത് വന്നു. 2019 ൽ ഇയാൾക്കെതിരെ പരാതി ഒരു വിദ്യാർത്ഥി പരാതി നൽകിയിരുന്നു. വിദ്യാർത്ഥിനികളിൽ പലർക്കും ആ പ്രായത്തിൽ പ്രതികരിക്കാൻ ആവാതെ പലപ്പോഴും അധ്യാപകന്റെ അതിക്രമങ്ങൾ നിശബ്ദമായി സഹിക്കേണ്ടി വന്നിട്ടുണ്ടെന്നാണ് വെളിപ്പെടുത്തല്‍.
അതേസമയം, കേസില്‍ വിശദമായ അന്വേഷണം നടക്കുകയാണ്. പെരിന്തല്‍മണ്ണ മജിസ്ട്രേറ്റിന് മുന്‍പാകെ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പ്രതിയെ അടുത്ത ദിവസം തന്നെ സ്കൂളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും. സംഭവത്തില്‍, സ്കൂള്‍ അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കും. കഴിഞ്ഞ ദിവസം വയനാട് മുത്തങ്ങയിലെ സ്വകാര്യ ഹോം സ്റ്റേയില്‍ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയയിലൂടെയുള്ള ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ഏഴിനാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പൊലീസ് കേസെടുത്തെന്നറിഞ്ഞതോടെ എട്ടിന് ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു.
