തിരുവനന്തപുരം: കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച് നൂറോളം ജീവനക്കാരെ കൊവിഡ് രോഗികളാക്കിയ തിരുവനന്തപുരത്തെ പ്രമുഖ ടെക്സ്റ്റൈൽസായ പോത്തീസ് ലൈസൻസ് റദ്ദാക്കിയിട്ടും തുറന്നു പ്രവർത്തിക്കുന്നു. നഗരത്തിൽ കൊവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് സ്ഥാപനം തുറന്ന് പ്രവർത്തിക്കുന്നതെന്ന് മലയാളത്തിലെ ഒരു പ്രമുഖചാനൽ റിപ്പോർട്ട് ചെയ്തു.
നേരത്തെ, കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ തുറന്നുപ്രവർത്തിച്ചതിനെ തുടർന്നാണ് പോത്തീസിന്റെ ലൈസൻസ് നഗരസഭ റദ്ദാക്കിയത്. ഇതുവരെ ലൈസൻസ് പുതുക്കി നൽകിയിട്ടില്ല, എന്നിട്ടും യഥേഷ്ടം തുറന്ന് പ്രവർത്തിക്കുകയാണ് ഈ സ്ഥാപനം. അതേസമയം, കടയിലെ സാധനങ്ങൾ മാറാൻ വേണ്ടി മാത്രമാണ് സ്ഥാപനം തുറക്കാൻ അനുമതി നൽകിയതെന്ന് മേയർ ശ്രീകുമാർ അറിയിച്ചു. ജൂലൈ 20 നാണ് തിരുവനന്തപുരത്തെ പ്രമുഖ ഹൈപ്പർ മാർക്കറ്റ്, വസ്ത്ര വ്യാപാര ശാലകളായ പോത്തീസിന്റേയും രാമചന്ദ്രൻ സൂപ്പർ സ്റ്റോഴ്സിന്റേയും ലൈസൻസ് റദ്ദാക്കിയത്. കൊവിഡ് ചട്ടം ലംഘിച്ചതിനായിരുന്നു കോർപ്പറേഷന്റെ നടപടി.