മനാമ: ബഹ്റൈനിലെ വിദേശികളുടെ എണ്ണത്തിൽ കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ 8.7 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്. ബഹ്റൈൻ പാർട്ണർഷിപ് ആൻഡ് കോൺട്രിബൂഷൻ തയ്യാറാക്കിയ റിപ്പോർട്ട് ബഹ്റൈൻ വിദേശകാര്യ മന്ത്രാലയമാണ് പുറത്തുവിട്ടിരിക്കുന്നത്. ബഹ്റൈനിലെ ജനസംഖ്യ കഴിഞ്ഞ വർഷം 1.5 മില്യൺ കവിഞ്ഞു. കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം ബഹ്റൈനിലെ ജനസംഖ്യ ഇപ്പോൾ 1.504 മില്ല്യൺ ആണ്. അതിൽ 719,000 ബഹ്റൈനികളും 785,000 വിദേശികളുമാണ്. 2015 -ന് ശേഷം 10% വർദ്ധനാവാണ് അകെ ജനസംഖ്യയിൽ ഉണ്ടായിട്ടുള്ളത്. ബഹ്റൈനിലെ ജനസംഖ്യയിൽ 50% ലധികം പേരും വിദേശികളാണ്.
രാജ്യത്തെ സ്വകാര്യ മേഖലയും ശക്തമായ വളർച്ച പ്രകടമാക്കി. 2022-ൽ 610,000 പേരാണ് സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നത്. അതിൽ 113,000 ബഹ്റൈനികളും 497,000 വിദേശികളുമാണ്. സ്വകാര്യ മേഖലയിൽ മാത്രം ജോലിചെയ്യുന്ന വിദേശികൾ മൊത്തം തൊഴിലാളികളുടെ 80 ശതമാനം വരും. 2015-ൽ ബഹ്റൈനിൽ നിന്ന് വിദേശികൾ അയച്ച പണം 890.1 മില്യൺ ആയിരുന്നെങ്കിൽ 2022 ആയപ്പോഴേക്കും 1.02 ബില്യൺ ദിനറായി ഉയർന്നു.
2022 ൽ ഇന്ത്യയിലേക്കാണ് ഏറ്റവും കൂടുതൽ പണം അയച്ചിട്ടുള്ളത്. 374.9 മില്യൺ ദിനാറാണ് ബഹ്റൈനിൽ നിന്ന് ഇന്ത്യയിലേക്ക് അയച്ചിരിക്കുന്നത്. 148.3 മില്യൺ ദിനാറിന്റെ പണമിടപാടുമായി ബംഗ്ലാദേശ് രണ്ടാമതും 129.2 മില്യൺ ദിനാറിന്റെ പണമിടപാടുമായി പാകിസ്ഥാൻ മൂന്നാമതുമാണ്. നാലാം സ്ഥാനത്തുള്ള ഫിലിപ്പീൻസിലേക്ക് 90.8 മില്യൺ ബഹ്റൈൻ ദിനാറും അഞ്ചാം സ്ഥാനത്തുള്ള യുഎസ് -ലേക്ക് 49.6 മില്യൺ ബഹ്റൈൻ ദിനാറുമാണ് ആളുകൾ പണമയച്ചിരിക്കുന്നത്.
ബഹ്റൈനിലെ ബാങ്കിംഗ്, സാമ്പത്തിക മേഖലകളിലെ നൂതനാശയങ്ങൾ തൊഴിലാളികൾക്ക് പേയ്മെന്റുകൾ നടത്താനും വിദേശത്തേക്ക് പണം അയയ്ക്കാനും കൂടുതൽ നൂതന ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാനുള്ള അവസരങ്ങൾ തുറന്നിട്ടുണ്ട്.