
മലപ്പുറം: മലപ്പുറം ജില്ലാ വിഭജിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു. മുസ്ലിം ലീഗിന് പിന്നാലെ കേരള മുസ്ലിം ജമാഅത്തും ഈ ആവശ്യവുമായി രംഗത്തെത്തി. മലപ്പുറം ജില്ലയിലെ 47 ലക്ഷത്തോളം വരുന്ന ജനങ്ങള്‍ക്ക് നിലവിലെ ഭരണസൗകര്യങ്ങള്‍ പരിമിതമാണെന്നും ജില്ല വിഭജിച്ചാല്‍ മാത്രമേ വികസനവും സൗകര്യങ്ങളും എല്ലാവര്ക്കും ഉറപ്പാക്കാന്‍ സാധിക്കൂ എന്നും കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്മാന് ദാരിമി പറഞ്ഞു.
സംസ്ഥാന ജനസംഖ്യയുടെ 14ശതമാനത്തോളം പേര് മലപ്പുറത്താണെന്നും. അതായത് കേരളത്തിലെ ജനസംഖ്യയുടെ ഏഴിലൊന്ന് മലപ്പുറം ജില്ലയിലാണെന്നുമാണ് ചില മുസ്ലീം സംഘടനകള്‍ പറയുന്നത്. കേരളത്തിലെ മറ്റു പല ജില്ലകളിലും ശരാശരി എട്ട് മുതല്‍ 12 ലക്ഷം വരെ മാത്രം ജനസംഖ്യയുള്ളപ്പോള്‍ മലപ്പുറത്ത് അതിന്റെ നാലിരട്ടിയോളം ആളുകളുണ്ട് എന്നത് വിഭജനം ആവശ്യപ്പെടുന്നവര്‍ പ്രധാന കാരണമായി പറയുന്നു.
പ്രവാസികളുടെ എണ്ണം കൂടി പരിഗണിക്കുമ്പോള്‍ ജനസംഖ്യ ഇനിയും വര്‍ധിക്കും. ഇത്രയും വലിയൊരു ജനവിഭാഗത്തിലേക്ക് എത്തുന്ന ഫണ്ടുകള്‍ വേണ്ടവിധം വിനിയോഗിക്കാന്‍ നിലവിലെ സാഹചര്യത്തില്‍ സാധിക്കുന്നില്ലെന്നാണ് ആക്ഷേപം. തിരൂര്‍ കേന്ദ്രമാക്കി പുതിയ ജില്ല രൂപീകരിക്കണമെന്നാണ് കുറുക്കോളി മൊയ്തീന് എംഎല്‍എ ആവശ്യപ്പെട്ടത്. യുഡിഎഫ് അംഗമായ പി വി അന്‍വര്‍ ഈ നീക്കങ്ങള്‍ കൂടുതല്‍ സജീവമാക്കുമെന്നാണ് കരുതപ്പെടുന്നത്.


