ആലുവ: ആലുവയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് അഗ്നിശമനസേനാംഗങ്ങള്‍ പരിശീലനം നല്‍കിയത് ഗുരുതര വീഴ്ച്ചയെന്ന് കണ്ടെത്തല്‍. ഇതുസംബന്ധിച്ച് ആഭ്യന്തര സെക്രട്ടറിക്ക് ഫയര്‍ഫോഴ്സ് മേധാവി ബി സന്ധ്യ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതോടെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ക്ലാസെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാവുമെന്ന് ഉറപ്പായി. എറണാകുളം റീജണൽ ഫയർ ഓഫീസർ, ജില്ലാ ഫയർ ഓഫീസർ, ക്ലാസെടുത്ത മൂന്ന് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയാവും നടപടിയുണ്ടാകുക.
പോപ്പുലർ ഫ്രണ്ട് പുതുതായി രൂപം നൽകിയ റെസ്ക്യൂ ആൻഡ് റിലീഫ് എന്ന സംഘടനയുടെ സംസ്ഥാനതല ഉദ്ഘാടന പരിപാടിയിലാണ് സംഭവം നടന്നത്. ബുധനാഴ്ച്ച ആലുവയില്‍ വെച്ചായിരുന്നു ഉദ്ഘാടനം. അപകടത്തില്‍ നിന്നും ഒരാളെ രക്ഷിക്കുന്നതിനുള്ള വിവിധ രീതികള്‍, അതിനായി ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന വിധം എന്നിവയിലാണ് പ്രവര്‍ത്തകര്‍ക്ക് സേനാംഗങ്ങള്‍ പരിശീലനം നല്‍കിയത്. ഉദ്ഘാടന വേദിയില്‍ വെച്ചായിരുന്നു പരിശീലനം. ഇതാണ് വിവദമായത്. പോപ്പുലര്‍ ഫ്രണ്ടിന് പരിശീലനം നല്‍കിയത് ചട്ടലംഘനമെന്ന് കാട്ടി ബിജെപിയടക്കം രംഗത്തുവന്നു.ഇതോടെയാണ് അന്വേഷണം നടത്താന്‍ അഗ്നിശമനസേനാ മേധാവി ബി സന്ധ്യ ഉത്തരവിട്ടത്.