കണ്ണൂർ: മോട്ടോർ വാഹന വകുപ്പ് ഓഫിസിൽ അതിക്രമം കാണിച്ചെന്ന കേസിൽ ജാമ്യം തേടി യൂട്യൂബർമാരായ എബിനും ലിബിനും കോടതിയിൽ അപേക്ഷ നൽകി. ഇവരെ പൊലീസ് മർദിച്ചതായി അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ചുമലിലും കൈകൾക്കും പരിക്കേറ്റതായും ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഉണ്ടെന്നും മജിസ്ട്രേറ്റിനെ ബോധിപ്പിച്ചു. തീവ്രാദികളോട് പെരുമാറുന്ന പോലെയാണ് ആർ.ടി.ഒയും പൊലീസും പ്രവർത്തിച്ചത്. നിയമലംഘനങ്ങൾക്ക് പിഴയൊടുക്കാം എന്ന് ഇവർ അറിയിച്ചിട്ടുണ്ട്. ഇവരുടെ ജാമ്യാപേക്ഷ ആഗസ്റ്റ് 12ന് പരിഗണിക്കും.
പൊതുമുതൽ നശിപ്പിച്ചതടക്കം പത്തിലേറെ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. ഐപിസി 341,506,534,34 വകുപ്പുകൾ പ്രകാരം തടഞ്ഞു വയ്ക്കൽ, ഭീഷണിപ്പെടുത്തൽ, ഔദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തൽ, കുറ്റകൃത്യത്തിനു കൂട്ടു നിൽക്കൽ തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. പൊതു മുതൽ നശിപ്പിച്ചതിന് പിഡിപിപി ആക്ടിലെ 3(1) ഉം പകർച്ച വ്യാധി നിയന്ത്രണ നിയമത്തിലെ 3(b) യും ചുമത്തിയിട്ടുണ്ട്. ഇ ബുൾ ജെറ്റ് വാഹനത്തിനെതിരെ ശക്തമായ നടപടിയെടുത്തിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പും. വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യും. ചട്ടം ലംഘിച്ച് വാഹനം ഓടിച്ച ഡ്രൈവറുടെ ലൈസെൻസ് റദ്ദ് ചെയ്യാനും തീരുമാനമായി. ട്രാൻസ്പോർട്ട് കമ്മീഷ്ണർ എഡിജിപി എംആർ അജിത് കുമാറാണ് നടപടിക്ക് നിർദേശം നൽകിയത്.
ഇന്നലെയാണ് വ്ലോഗർമാരായ ഇ ബുൾ ജെറ്റ് സഹോദരങ്ങളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കണ്ണൂർ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിൽ ബഹളം സൃഷ്ടിച്ചതിനായിരുന്നു നടപടി. വെള്ള നിറത്തിലായിരുന്ന വാനിന്റെ നിറം മാറ്റിയതും അനുവദനീയമല്ലാത്ത ലൈറ്റുകൾ ഘടിപ്പിച്ചതും വാഹനം രൂപമാറ്റം വരുത്തിയതുമടക്കമുള്ള നിയമലംഘനങ്ങളും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. ആർടിഒ രജിസ്റ്റർ ചെയ്ത പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ഓൺലൈനായി മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കിയ ഇരുവരെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് കണ്ണൂർ സബ് ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവരുടെ അനുയായികളായ 27 പേർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
