ലഖ്നൗ: ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ബംഗ്ലാദേശ് ഭീകര സംഘടനയുമായി ബന്ധമെന്ന് യുപി പൊലീസ്. സ്ഫോക വസ്തുക്കൾ ലഭിച്ചത് ബംഗ്ലാദേശി ഭീകര സംഘടനയായ ജമാത്ത് ഉള് മുജാഹീദ്ദൻ വഴിയെന്ന് യുപി എടിഎസ് പറഞ്ഞു. മാസങ്ങൾക്ക് മുൻപ് ഇവർ ബംഗ്ലാദേശ് സന്ദർശിച്ചെന്നും ഇന്ത്യയിൽ സ്ഫോടനങ്ങൾ നടത്താന്‍ സംഘടനയുടെ സഹായം തേടിയെന്നും പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചെന്ന് ഭീകരവിരുദ്ധ സേന വ്യക്തമാക്കി. ഹിറ്റ് സക്വാഡിലെ യുപിയിൽ പ്രവർത്തിക്കുന്ന അഞ്ച് പേരെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു.
അറസ്റ്റിലായ രണ്ടുപേര്‍ക്കുമെതിരെ കേരളത്തില്‍ കേസുകളുണ്ട്. ബസന്ത പഞ്ചമി ദിനത്തില്‍ യുപിയില്‍ ഉടനീളം ഇവര്‍ സ്ഫോടനങ്ങള്‍ക്ക് ലക്ഷ്യമിട്ടിരുന്നു. കണ്ടെത്തിയതില്‍ 16 തരം സ്ഫോടകവസ്തുക്കളെന്ന് പൊലീസ് നേരത്തെ പറഞ്ഞിരുന്നു. ലഖ്നൗവിന് അടുത്തുള്ള കൂക്രയില്‍ നിന്നാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ രണ്ട് മലയാളികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. എന്നാല്‍ പിടിയിലായ പ്രവര്‍ത്തകര്‍ നിരപരാധികളാണെന്നാണ് പോപ്പുലര്‍ ഫ്രണ്ട് പറയുന്നത്.പൗരത്വ പ്രതിഷേധവുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് യുപിയിൽ നടത്തിയ നിയമപരമായ ഇടപെടൽ കാരണമുള്ള പ്രതികാര ബുദ്ധിയാണ് അറസ്റ്റിന് കാരണമെന്നും സംഘടന അറിയിച്ചിരുന്നു.