
മനാമ: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഫ്രാൻസിസ് മാർപാപ്പ ബഹ്റൈനിലെത്തുന്നു. ഇത് സംബന്ധിച്ചുള്ള വാർത്തകുറിപ്പ് വത്തിക്കാനാണ് പുറത്തിറക്കിയിരിക്കുന്നത്. രാജ്യത്തെ സിവിൽ, സഭാ അധികാരികളുടെ ക്ഷണം മാർപാപ്പ സ്വീകരിച്ചതായി ഹോളി സീ പ്രസ് ഓഫീസ് ഡയറക്ടർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഗൾഫ് മേഖലയിലേക്ക് ഫ്രാൻസിസ് മാർപാപ്പ നടത്തുന്ന രണ്ടാമത്തെ സന്ദർശനമാണിത്. നവംബർ 3 മുതൽ 6 വരെയുള്ള തീയതികളിലാണ് ഫ്രാൻസിസ് മാർപാപ്പ ബഹ്റൈൻ സന്ദർശിക്കുന്നത്. മാനുഷിക സഹവർതിത്വം എന്ന വിഷയത്തെ ആസ്പദമാക്കി ബഹ്റൈനിൽ നടക്കുന്ന സമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും.
അവാലിയിലുള്ള അറേബ്യൻ ഗൾഫിലെ ഏറ്റവും വലിയ റോമൻ കാത്തലിക് ദേവാലയത്തിലും തലസ്ഥാനമായ മനാമയിലും അദ്ദേഹം സന്ദർശനം നടത്തുമെന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. 2019ൽ ഫ്രാൻസിസ് മാർപാപ്പ നടത്തിയ യുഎഇ സന്ദർശനത്തിന് ശേഷം ഇതാദ്യമായാണ് ഗൾഫ് മേഖലയിലേയ്ക്ക് അദ്ദേഹം വീണ്ടും വരുന്നത്. ബഹ്റൈൻ സന്ദർശിക്കുന്ന ആദ്യ മാർപാപ്പയാണ് ഫ്രാൻസിസ് മാർപാപ്പ.
