
മനാമ: ഔഗ്യോഗിക സന്ദർശനത്തിനായി ബഹ്റൈനിൽ എത്തിയ ഫ്രാൻസിസ് മാർപാപ്പയുടെ ബഹ്റൈൻ സന്ദർശനം തുടരുന്നു. സഹവർത്തിത്വത്തിൻറെയും മാനവ സാഹോദര്യത്തിൻറെയും സന്ദേശം വിളിച്ചോതുന്നതായിരുന്നു പരിപാടികൾ. ചരിത്ര സന്ദർശനത്തിന്റെ രണ്ടാം ദിനം സഖീർ പാലസിൽ നടന്ന ‘കിഴക്കും പടിഞ്ഞാറും മാനവിക സഹവർത്തിത്വത്തിന്’ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ബഹ്റൈൻ ഡയലോഗ് ഫോറത്തിന്റെ സമാപന ചടങ്ങിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്കൊപ്പം ഫ്രാൻസിസ് മാർപാപ്പയും അൽ അസ്ഹർ ഗ്രാൻഡ് ഇമാം ഡോ. അഹ്മദ് അൽ ത്വയ്യിബും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും പങ്കെടുത്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 200-ലധികം മതനേതാക്കൾ പങ്കെടുത്ത പരിപാടി മതസൗഹാർദത്തിന്റെ വേദികൂടിയായി. സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും മാതൃകയായി മാനവികതയെ സേവിക്കുന്നതിൽ ബഹ്റൈന്റെ പങ്ക് പ്രതിഫലിപ്പിക്കുന്നതാണ് ബഹ്റൈൻ ഡയലോഗ് ഫോറം.
റോയൽ ബഹ്റൈനി എയർഫോഴ്സിന്റെ രണ്ട് ഹെലികോപ്റ്ററുകൾ ബഹ്റൈന്റെയും വത്തിക്കാന്റെയും ദേശീയപതാകകളേന്തി ആകാശത്ത് വട്ടമിട്ടുപറന്നുകൊണ്ട് മാർപാപ്പയെ വരവേറ്റു. ഡയലോഗ് ഫോറത്തിൽ പങ്കെടുക്കുന്ന പ്രതിനിധി സംഘത്തിലെ മുതിർന്ന അംഗങ്ങളെ സഖീർ പാലസിൽ ഹമദ് രാജാവ് സ്വീകരിച്ചു. ഹമദ് രാജാവും മാർപാപ്പയും ഗ്രാൻഡ് ഇമാമും ചേർന്ന് മെമ്മോറിയൽ ചത്വരത്തിലെ ഈന്തപ്പനയുടെ ചുവട്ടിൽ വെള്ളമൊഴിച്ചു വിശ്വ സാഹോദര്യത്തിൻറെ സന്ദേശം പകർന്നു. ഫ്രാൻസിസ് മാർപാപ്പയുടെ ചരിത്രപരമായ ഔദ്യോഗിക സന്ദർശനത്തോടനുബന്ധിച്ചാണ് രാജാവിന്റെ നേതൃത്വത്തിൽ ഫോറം നടന്നത്.
തുടർന്ന് അൽ അസ്ഹർ ഗ്രാൻഡ് ഇമാം ഡോ. അഹ്മദ് അൽ ത്വയ്യിബുമായും സഖീർ പാലസ് മോസ്കിൽ മുസ്ലിം കൗൺസിൽ ഓഫ് എൽഡേഴ്സ് അംഗങ്ങളുമായും മാർപാപ്പ കൂടിക്കാഴ്ച നടത്തി. അവാലിയിലെ ഔവർ ലേഡി ഓഫ് അറേബ്യ കത്തീഡ്രലിൽ മാർപാപ്പയുടെ പ്രത്യേക കുർബാനയിൽ രാജാവിന്റെ പ്രതിനിധി ഷെയ്ഖ് അബ്ദുള്ള ബിൻ ഹമദ് അൽ ഖലീഫ പങ്കെടുത്തു. ക്രൈസ്തവ സഭ പ്രതിനിധികളുമായി മാർപാപ്പ കൂടിക്കാഴ്ചയും സമാധാനത്തിനുവേണ്ടിയുള്ള പ്രാർഥനയും നടത്തി. സമാധാനം, നിരായുധീകരണം, സാമൂഹിക നീതി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ മതങ്ങളുടെ പങ്കിനെപ്പറ്റി ഫ്രാൻസിസ് മാർപാപ്പ സംസാരിച്ചു. വിവിധ ദേവാലയങ്ങളിൽ നിന്നുള്ള പ്രതിനിധികളും ക്രൈസ്തവ വിശ്വാസികളും ചടങ്ങിൽ പങ്കെടുത്തു.
