
നാല് ദിവസത്തെ ചരിത്ര സന്ദർശനത്തിന് ശേഷം ഫ്രാൻസിസ് മാർപാപ്പ ബഹ്റൈനിൽ നിന്ന് റോമിലേക്ക് മടങ്ങി. സാഖിർ എയർ ബേസിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫയും അൽ അസ്ഹറിലെ ഗ്രാൻഡ് ഇമാം ഡോ അഹമ്മദ് അൽ തയ്യിബും പങ്കെടുത്തു.
അറേബ്യൻ ഗൾഫിലെ ഏറ്റവും പഴക്കമുള്ള കത്തോലിക്കാ ദേവാലയം സന്ദർശിച്ചാണ് മാർപാപ്പ ബഹ്റൈൻ യാത്ര അവസാനിപ്പിച്ചത്.
മനാമയിലെ സേക്രഡ് ഹാർട്ട് ദേവാലയം സന്ദർശിച്ചപ്പോൾ അദ്ദേഹം ബിഷപ്പുമാരോടും വൈദികരോടും കന്യാസ്ത്രീകളോടും വിശ്വാസികളെ ശുശ്രൂഷിക്കുമ്പോൾ ഐക്യത്തോടെ നിലകൊള്ളണമെന്ന് അഭ്യർത്ഥിച്ചു. പ്രാദേശിക കത്തോലിക്കാ നേതാക്കളോട് വിഭാഗീയതകളും വഴക്കുകളും ഗോസിപ്പുകളും ഒഴിവാക്കണമെന്നും പറഞ്ഞു. “ലോകപരമായ വിഭജനങ്ങൾ, മാത്രമല്ല വംശീയ, സാംസ്കാരിക, ആചാരപരമായ വ്യത്യാസങ്ങൾ, ആത്മാവിന്റെ ഐക്യത്തെ മുറിവേൽപ്പിക്കാനോ വിട്ടുവീഴ്ച ചെയ്യാനോ കഴിയില്ല,” എന്നും അദ്ദേഹം പറഞ്ഞു. സഭാ ശുശ്രൂഷകൾക്കൊടുവിൽ ഫ്രാൻസിസ് മാർപാപ്പ, ബഹ്റൈന്റെ “അതിമനോഹരമായ ആതിഥ്യത്തിന്” രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയോട് നന്ദി പറഞ്ഞു.
ബഹ്റൈൻ ഡയലോഗ് ഫോറത്തിന്റെ സമാപന സമ്മേളനത്തിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത അദ്ദേഹം നാഷണൽ സ്റ്റേഡിയത്തിലെ കുർബാന ചടങ്ങ്, ഇസാടൗണിലെ സേക്രട്ട് ഹാർട്ട് സ്കൂൾ, മനാമയിലെ സേക്രട്ട് ഹാർട്ട് ചർച്ച് , അവാലിയിലെ അവർ ലേഡി ഓഫ് അറേബ്യ കത്തീഡ്രൽ എന്നിവിടങ്ങളിലാണ് മുഖ്യമായും പങ്കെടുത്തത്.
