മനാമ: ബഹ്റൈനിലെ കത്തോലിക്ക വിശ്വാസികളുടെ സ്വപ്ന സാക്ഷാത്കാരമായി ബഹ്റൈൻ നാഷണൽ സ്റ്റേഡിയത്തിൽ ഫ്രാൻസിസ് മാർപാപ്പയുടെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു. സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞ വിശ്വാസികൾക്ക് മുന്നിൽ മാർപാപ്പ ദിവ്യബലിയർപ്പിച്ചതും ബഹ്റൈനിന് പുതിയ അനുഭവമായി.
രാവിലെ 8.15ഓടെയാണ് ഫ്രാൻസിസ് മാർപാപ്പ സ്റ്റേഡിയത്തിൽ എത്തിയത്. തുടർന്ന് പോപ്പ് മൊബൈലിൽ സ്റ്റേഡിയത്തിനു വലംവെച്ച മാർപ്പാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്തു. വിശ്വാസികൾക്കിടയിൽ നിന്നു ഉയർത്തി നൽകിയ കുഞ്ഞുങ്ങൾക്ക് മാർപാപ്പ സ്നേഹ ചുംബനം നൽകി അനുഗ്രഹിച്ചു. ആരവങ്ങൾക്കിടയിലൂടെ തുറന്ന വാഹനത്തിൽ കൈവീശി കടന്നുപോയ മാർപാപ്പ അവിടെ കൂടിയ വിശ്വാസികൾക്ക് സ്വപ്ന തുല്യമായ മുഹൂർത്തമാണ് സമ്മാനിച്ചത്.
മാർപാപ്പയുടെ ബഹ്റൈൻ സന്ദർശനത്തിന്റെ ലോഗോ പതിച്ച വെളുത്ത തൊപ്പിയണിഞ്ഞു പേപ്പൽ പതാക വീശിയാണ് വിശ്വാസികൾ മാർപാപ്പയെ എതിരേറ്റത്. നൂറോളം പേരടങ്ങുന്ന ഗായക-സംഗീതജ്ഞ സംഘമാണ് കുർബാനയുടെ ഭാഗമായി സംഗീതമാലപിച്ചത്. വയലിന്, പുല്ലാങ്കുഴല്‍,ഗിറ്റാർ, കീബോർഡ് എന്നിവയുടെ അകമ്പടിയോടെ എട്ട് സംഗീതജ്ഞർ നേതൃത്വം നൽകിയ ഗായകസംഘമാണ് ഗാനങ്ങളാലപിച്ചത്. ഇംഗ്ലീഷ്, അറബിക്, ഹിന്ദി, തഗലോഗ് ഭാഷങ്ങളില്‍ വിവിധ വിഭാഗങ്ങളെ പ്രതിനിധീകരിച്ചുകൊണ്ടായിരുന്നു ഗാനങ്ങൾ. കുർബാനയുടെ ഭാഗമായി മലയാളം ഉൾപ്പെടെ വിവിധ ഇന്ത്യൻ ഭാഷകളിലും ഇംഗ്ലീഷിലും ലാറ്റിനിലും പ്രാർത്ഥനകൾ ഉയർന്നു. കേരളത്തിൽ നിന്നും സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരിയും കുർബാനയിൽ പങ്കെടുത്തു.
പുലർച്ചെ രണ്ട് മുതൽ ബഹ്റൈൻ ഇന്റർനാഷണൽ സർക്യൂട്ടിൽ എത്തിയ വിശ്വാസികളെ സുരക്ഷാ പരിശോധനക്ക് ശേഷം ബസുകളിലാണ് സ്റ്റേഡിയത്തിൽ എത്തിച്ചത്. അടിയന്തര വൈദ്യ സേവനത്തിനുള്ള സജ്ജീകരണങ്ങളും സ്റ്റേഡിയത്തിൽ ഒരുക്കിയിരുന്നു. 28000 പേരാണ് മാർപാപ്പയുടെ കുർബാനയിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തിരുന്നത്.
ഞായറാഴ്ച രാവിലെ മനാമയിലെ സേക്രഡ് ഹാർട്ട് ദേവാലയത്തിൽ പ്രാദേശിക ബിഷപ്പുമാർ, വൈദികർ, സമർപ്പിത വ്യക്തികൾ, സെമിനാരികൾ, എന്നിവരുമായുള്ള പ്രാർത്ഥനാ യോഗത്തോടെ ഔദ്യോഗിക പരിപാടികള്‍ പൂർത്തിയാകും. നാല് ദിവസത്തെ ബഹ്റൈൻ സന്ദർശനത്തിന് എത്തിയ ഫ്രാൻസിസ് മാർപാപ്പ ഞായറാഴ്ചയാണ് മടങ്ങുന്നത്.