ഈ വർഷത്തെ രണ്ടാമത്തെ മെഗാഹിറ്റ് ചിത്രമായി മാറിക്കൊണ്ടിരിക്കുകയാണ് പൂക്കാലം. വൻ വിജയചിത്രമായ ‘ആനന്ദ’ത്തിന് ശേഷം ഏഴ് വർഷത്തെ ഇടവേള കഴിഞ്ഞ് ഗണേശ് രാജ് ഒരുക്കിയ രണ്ടാമത്തെ ചിത്രമാണ് ‘പൂക്കാലം’. ഗണേശ് രാജ് തന്നെയാണ് ചിത്രത്തിൻ്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഗണേശിൻ്റെ തന്നെ അദ്യ ചിത്രത്തെക്കാൾ ഗംഭീര അഭിപ്രായങ്ങളാണ് പൂക്കാലം എല്ലാവിധ പ്രേക്ഷകർക്കിടയിലും സ്വന്തമാക്കിക്കൊണ്ടിരിക്കുന്നത്. വമ്പൻ കാസ്റ്റിംഗും ആകർഷണീയമായ വേറിട്ടൊരു ആശയവും കൊണ്ട് ആദ്യദിനം തന്നെ ധാരാളം കുടുംബ പ്രേക്ഷകരടക്കം ഗംഭീര ജനതിരക്കോടെയാണ് മിക്ക തിയേറ്ററുകളിലും പ്രദർശനമാരംഭിച്ചത്. രണ്ടാം ദിവസവും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. അദ്യ ദിവസത്തേക്കാൾ ജനത്തിരക്ക് സൃഷ്ടിച്ച രണ്ടാം ദിവസവും വരും ദിവസങ്ങളിലും നിലനിർത്തുന്ന ശക്തമായ ബുക്കിംഗ് കണക്കുകളും ചിത്രം ഒരു ബ്ലോക്ബസ്റ്റർ വിജയമാണ് ലക്ഷ്യം വെക്കുന്നത്.
വിജയരാഘവൻ്റെ കരിയറിൽ ഇന്നോളം കണ്ടിട്ടില്ലാത്ത വേറിട്ട രൂപ ഭാവത്തിലുള്ള കഥാപാത്രം തന്നെയാണ് ചിത്രത്തിന് ലഭിച്ച ഏറ്റവും ശ്രദ്ധേയ ഘടകവും. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച വിജയരാഘവൻ, കെപിഎസി ലീല എന്നീ താരങ്ങളുടെ നൂറ് വയസോളം പ്രായമുള്ള വൃദ്ധ ദമ്പതികളുടെ വേഷങ്ങൾ തന്നെയാണ് ചിത്രത്തിൻ്റെ ഏറ്റവും വലിയ ആകർഷണ ഘടകമായിരിക്കുന്നത്. വിനീത് ശ്രീനിവാസൻ, ബേസിൽ ജോസഫ് എന്നിവരും മികച്ച സഹതാരളുടെ വേഷങ്ങളിൽ ഗംഭീര പ്രകടനങ്ങൾ കാഴ്ച്ചവെച്ച് കയ്യടികൾ നേടിയെടുക്കുകയാണ്. അബു സലിം, ജോണി ആന്റണി, റോഷൻ മാത്യു, അന്നു ആന്റണി, അരുൺ കുര്യൻ, ശരത് സഭ, സരസ ബാലുശ്ശേരി, ഗംഗ മീര, രാധ ഗോമതി, അരിസ്റ്റോ സുരേഷ്, അരുൺ അജികുമാർ തുടങ്ങിയവരാണ് മറ്റ് മുഖ്യ കഥാപാത്രങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്.
തോമസ് തിരുവല്ല ഫിലിംസിൻ്റെ ബാനറിൽ തോമസ് തിരുവല്ലയും കാസ്റ്റ് ആൻഡ് ക്രൂ ഫിലിംസിൻ്റെ ബാനറിൽ വിനോദ് ഷൊർണൂരുമാണ് ചിത്രത്തിൻ്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. എൺപതുവർഷത്തിലധികമായ ഇട്ടൂപ്പിന്റെയും കൊച്ചു ത്രേസ്യയുടെയും ദാമ്പത്യജീവിതവും അവരുടെ മക്കളും കൊച്ചുമക്കളുമടങ്ങുന്ന വലിയ കുടുംബത്തിലെ രസകരവും വൈകാരികവുമായ ഘട്ടങ്ങളിലൂടെയാണ് ചിത്രത്തിൻ്റെ കഥ സഞ്ചരിക്കുന്നത്. സച്ചിൻ വാര്യരാണ് ചിത്രത്തിലെ മനോഹരമായ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രഹണം. എഡിറ്റിംഗ് – മിഥുൻ മുരളി. എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ – വിനീത് ഷൊർണൂർ. റഫീഖ് അഹമ്മദ്, കൈതപ്രം ദാമോദരൻ നമ്പൂതിരി, വിനായക് ശശികുമാർ എന്നിവരാണ് ഗാനരചന നിർവഹിച്ചത്. മേക്കപ്പ് – റോണക്സ് ക്സേവ്യർ.