മലപ്പുറം: പാണ്ടിക്കാട് ഒറവംപുറത്ത് ആര്യാടന് സമീറിന്റെ മരണം കുടുംബ രാഷ്ട്രീയ കൊലപാതകം. മലപ്പുറം ജില്ലാ പോലീസ് സുപ്രണ്ട് യു അബ്ദുല്‍ കരീം വാര്‍ത്താലേഖകരോട് പറഞ്ഞു. തുടക്കത്തില്‍ സി.പി.എം- ലീഗ് തര്‍ക്കം പിന്നീട് കുടുംബപ്രശ്നമായി മാറുകയായിരുന്നു. ബുധനാഴ്ച രാത്രിയാണ് ആര്യാടന് കുടുംബവും കിഴക്കുംപറമ്പന്‍ കുടുംബവും തമ്മില്‍ സംഘര്‍ഷം നടന്നത്. ഇത് പിന്നീട് കൊലയില്‍ കലാശിച്ചു.
നേരത്തെയുണ്ടായ കുടുംബ പ്രശ്നം തീര്‍ക്കാന്‍ പോലീസും പള്ളിക്ക കമ്മിറ്റിയും മധ്യസ്ഥ ശ്രമം നടത്തിയിരുന്നു. ശേഷമാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ആസൂത്രിത കൊലപാതകമാണ് നടത്തിയതെന്ന് പി അബ്ദുല്‍ ഹമീദ് എം.എല്‍.എ ആരോപിച്ചു. കീഴാറ്റൂരില്‍ യു.ഡി.എഫ് നടത്തിയ വിജയാഹ്ളാദ പ്രകടനത്തിലേക്ക് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തള്ളിക്കയറി പ്രശ്നമുണ്ടാക്കാന്‍ ശ്രമിച്ചിരുന്നുവെന്നും എം.എല്‍.എ പറഞ്ഞു. പാണ്ടിക്കാട് നടന്നത് കുടുംബവഴക്കാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ഇ.എന്‍ മോഹന്‍ദാസ് പറഞ്ഞു.