
പത്തനംതിട്ട: ആനപ്പാറ സ്വദേശി നൗഫലിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ആയുധങ്ങൾ കണ്ടെത്തിത്. നിരവധി കഞ്ചാവ് കേസുകളിലും ക്രിമിനൽ കേസുകളിലും പ്രതിയായ നൗഫൽ കഴിഞ്ഞ കുറെ നാളുകളായി പൊലീസ് നിരീക്ഷണത്തിലായിരുന്നു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം സംസ്ഥാനത്തിന് പുറത്ത് പോയി തിരികെയെത്തിയ നൗഫലിന്റെ കൈവശം തോക്ക് ഉണ്ടെന്ന വിവരം പൊലീസിന് കിട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നാർക്കോട്ടിക് ഡി.വൈ.എസ്.പി കെ.എ വിദ്യാധരകന്റെ നേതൃത്വത്തിലുള്ള ജില്ലാ പൊലീസ് മേധിവിയുടെ ഡാൻസാഫ് ടീമാണ് പ്രതി വാടകയ്ക്ക് താമസിക്കുന്ന വെട്ടിപ്പുറത്തെ വീട്ടിലെത്തി റെയ്ഡ് നടത്തിയത്.
വീട്ടിൽ രഹസ്യമായി ഒളിപ്പിച്ചിരുന്ന ഇന്ത്യൻ നിർമ്മിത റിവോൾവറും ആറ് ബുള്ളറ്റുകളും വടിവാളും കത്തിയും പിടിച്ചെടുത്തിട്ടുണ്ട്. മൂന്ന് ഹെൽമറ്റുകൾ, ക്രിമിനൽ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന ഗ്ലൗസുകൾ, 12500 രൂപ എന്നിവയും കണ്ടെത്തി. പ്രാഥമിക ചോദ്യം ചെയ്യലിൽ തോക്ക് ഡൽഹിയിൽ നിന്ന് വാങ്ങിയതാണെന്ന് നൗഫൽ പൊലീസിനോട് പറഞ്ഞു. കഞ്ചാവ് കടത്തുമ്പോൾ സ്വയം രക്ഷക്കായി ഉപയോഗിക്കാൻ വാങ്ങിയതാണെന്നും മൊഴി നൽകി. പത്തനംതിട്ട ഡി.വൈ.എസ്.പി നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 2015 തമിഴ്നാട് കൂവത്തൂർ പൊലിസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കൊലപാതക കേസിലെ പ്രതിയാണ് നൗഫൽ.
