പത്തനംതിട്ട: ആറന്മുളയില് കൊവിഡ് രോഗിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം ആസൂത്രിതമെന്ന സൂചന നല്കി പൊലീസ്.അടൂരില്‍ നിന്നും ശനിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് പെണ്‍കുട്ടിയെ പ്രതിയായ നൗഫല്‍ ആംബുലന്‍സില്‍ കേറ്റിയത്. കൊവിഡ് പൊസിറ്റീവായ നാല്‍പ്പത് വയസുള്ള മറ്റൊരു സ്ത്രീയേയും നൗഫല്‍ ആംബുലന്‍സില്‍ കേറ്റിയിരുന്നു.
ആരോഗ്യവകുപ്പില്‍ നിന്ന് ലഭിച്ച് നിര്‍ദേശം അുസരിച്ച് പെണ്‍കുട്ടിയെ പന്തളത്തെ കൊവിഡ് കെയര്‍ സെന്ററിലും സ്ത്രീയെ കോഴഞ്ചേരി ജനറല്‍ ആശുപത്രിയിലുമായിരുന്നു ഇറക്കേണ്ടത്. പന്തളത്തേക്ക് പോകേണ്ടതിന് പകരം രണ്ട് സ്ത്രീകളുമായി പ്രതിപോയത് കോഴഞ്ചേരിയിലേക്കാണ്. നാല്‍പ്പതുകാരിയെ കോഴഞ്ചേരിയില്‍ ഇറക്കിയ ശേഷമുള്ള മടക്കയാത്രയിലാണ് ആറന്മുളയ്ക്ക് സമീപം വിജനമായ സ്ഥലത്ത് വച്ചു പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
പെണ്‍കുട്ടിയുടെ അച്ഛനും അമ്മയ്ക്കും കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു.തുടര്‍ന്ന് ഇന്നലെ നടന്ന പരിശോധനയില്‍ പെണ്‍കുട്ടിക്കും കൊവിഡ് പൊസിറ്റീവാകുകയായിരുന്നു.ഈ വിവരം വൈകിട്ടോടെയാണ് ആരോഗ്യവകുപ്പ് അറിയിച്ചത്. തുടര്‍ന്ന് കൊവിഡ് കെയര്‍ സെന്ററിലേക്ക് പെണ്‍കുട്ടിയെ മാറ്റുകയാണെന്നും ഇതിനായി തയ്യാറായി നില്ക്കാനുമുള്ള നിര്‍ദേശം വന്നു. കായംകുളം സ്വദേശി നൗഫല്‍ രാത്രി പതിനൊന്നരയോടെയാണ് അടൂര്‍ ജനറല്‍ ആശുപത്രിയിലെ 108 ആംബുലന്‍സുമായി പെണ്‍കുട്ടിയെ കൊണ്ടു പോകാനെത്തിയത്.
ആംബുലന്‍സില്‍ ഉണ്ടായിരുന്ന മറ്റൊരു സ്ത്രീയെ കോഴഞ്ചേരിയില്‍ ഇറക്കി തിരിച്ചു വരുന്ന വഴി രാത്രി 12.30-ഓടെ ആറന്മുള വിമാനത്താവള പദ്ധതിക്കായി ഏറ്റെടുത്ത സ്ഥലത്തിന് സമീപം നൗഫല്‍ ആംബുലന്‍സ് നിര്‍ത്തി. ഇവിടെ വെച്ച് പിപിഇ കിറ്റ് ഊരിവച്ച ശേഷം പ്രതി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
പീഡനത്തിന് ശേഷം നടന്ന സംഭവങ്ങള്‍ ആരോടും പറയരുതെന്നും അബദ്ധത്തില്‍ സംഭവിച്ചതാണിതെന്നും നൗഫല്‍ പെണ്‍കുട്ടിയോട് പറഞ്ഞിരുന്നു. ഈ സംഭാഷണം പെണ്‍കുട്ടി രഹസ്യമായി ഫോണില്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയ പെണ്‍കുട്ടി കൊവിഡ് കെയര്‍ സെന്ററില്‍ അറിയിക്കുകയും പൊലീസ് എത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.