ആലപ്പുഴ: ആലപ്പുഴ പോലീസ് ക്വാര്‍ട്ടേഴ്സില്‍ പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയായ യുവതിയും മക്കളും മരിച്ച നിലയില്‍. ആലപ്പുഴ മെഡിക്കൽ കോളേജ് എയ്ഡ് പോസ്റ്റിലെ റെനീസ് എന്ന ഉദ്യോഗസ്ഥന്റെ ഭാര്യയെയും മക്കളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒന്നര വയസ്സുള്ള മകൾ മലാലയെ വെള്ളത്തില്‍ മുക്കി കൊല്ലുകയും അഞ്ച് വയസുള്ള മകൻ ടിപ്പു സുൽത്താനെ കഴുത്ത് ഞെരിച്ച് കൊല്ലുകയും ചെയ്ത നിലയിലായിരുന്നു. ഭാര്യ നെജില (24) ക്വാട്ടേഴ്സിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ആലപ്പുഴ സൗത്ത് പോലീസ് എത്തി ഇക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് വേണ്ടി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രാവിലെ ഡ്യൂട്ടി കഴിഞ്ഞെത്തിയ റെനീസ് പലതവണ കതകിൽ മുട്ടിയിട്ടും വാതിൽ തുറക്കാത്തതിനെതുടർന്ന് നോക്കിയപ്പോഴാണ് മൂവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
