ന്യൂ ഡല്‍ഹി: ഉത്തര്‍പ്രദേശിലെ കര്ഷകവേട്ടക്കെതിരെ ഡല്‍ഹിയില്‍ നടന്ന പ്രതിഷേധത്തിനിടെ പൊലീസ് അതിക്രമം. യുപി ഭവന് മുന്നില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെ കിസാന്‍സഭ അഖിലേന്ത്യാ ട്രഷറര്‍ പി കൃഷ്ണപ്രസാദിനെ പൊലീസ് മര്‍ദ്ദിച്ചു. വലിച്ചിഴച്ചുകൊണ്ടുപോയി വാനിലേക്ക് കയറ്റുന്നതിനിടെ പൊലീസ് കൃഷ്ണപ്രസാദിന്റെ വയറില്‍ ഇടിച്ചു. യുപി ഭവന് മുന്നില്‍ സമരം ചെയ്ത കിസാന്‍സഭ, ഡിവൈഎഫ്ഐ പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തുനീക്കി.
പൊലീസ് ഒരുക്കിയ ബാരിക്കേഡിനുമുന്നില് കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു സമരക്കാര്‍. ഇതിനിടെയാണ് പൊലീസ് അക്രമം അഴിച്ചുവിട്ടത്. യുപി സര്‍ക്കാരിനെതിരെ ഡല്‍ഹിയില്‍ പോലും പ്രതിഷേധം അനുവദിക്കില്ലെന്ന നിലപാടാണ് പൊലീസ് കൈക്കൊണ്ടത്.
ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ കേന്ദ്രമന്ത്രിയുടെ മകന് വാഹനമിടിപ്പിച്ചും വെടിവെച്ചും കൊലപ്പെടുത്തിയതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ആളിപ്പടരുകയാണ്. കൊല്ലപ്പെട്ട കര്‍ഷകരുടെ മൃതദേഹങ്ങളുമായി പ്രതിഷേധക്കാര്‍ ലഖിംപൂരില്‍ റോഡ് ഉപരോധിച്ചു.