പട്ന: രാജ്യത്ത് ഭീകരാക്രമണത്തിന് പദ്ധതിയിട്ട രണ്ട് തീവ്രവാദികളെ പോലീസ് പിടികൂടി. അഥര്‍ പര്‍വേസ്, മുഹമ്മദ് ജലാലുദ്ദീന്‍ എന്നിവരാണ് അറസ്റ്റിലായത്. ബിഹാറിലെ ഫുല്‍വാരി ഷരീഫ് മേഖലയില്‍ വെച്ചാണ് ഇവരെ പോലീസ് പിടികൂടുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു ഇവരുടെ ലക്ഷ്യം. ജൂലൈ 12ന് അദ്ദേഹം പങ്കെടുക്കുന്ന ചടങ്ങിന് നേരെ ആക്രമണം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നു.
പട്നയ്ക്കു സമീപം ഫുല്‍വാരി ഷരീഫില്‍ പരിശീലനം നടത്തുന്നതിനിടെയാണ് ഇവര്‍ പിടിയിലായതെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദി ബിഹാറിലെത്തുന്നതിനു മുന്നോടിയായിട്ടായിരുന്നു പരിശീലനം. മോദി എത്തുന്നതിനു രണ്ടാഴ്ച മുന്‍പാണ് ഇവരെ പിടികൂടിയത്. ആക്രമണം നടത്തുന്നതിനായി ഇവര്‍ ജൂലൈ 6, 7 തീയതികളില്‍ പ്രത്യേകം യോഗം ചേര്‍ന്നിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.
പിടിയിലായവരുടെ ഓഫിസുകളില്‍ പൊലീസ് സംഘം പരിശോധന നടത്തി. ഇവിടെനിന്ന് സംശയാസ്പദമായ നിലയില്‍ ചില രേഖകള്‍ പിടിച്ചെടുത്തെന്നാണ് വിവരം. ‘2047 ഇന്ത്യ ഇസ്ലാമിക് ഇന്ത്യയുടെ ഭരണത്തിലേക്ക്’ എന്ന തലക്കെട്ടിലുള്ള ഒരു രേഖയും പിടിച്ചെടുത്തിട്ടുണ്ട്. ഇതിനു പുറമെ മറ്റു ചില ലഘുലേഖകളും പിടിച്ചെടുത്തു.

ഫുല്‍വാരി ഷരീഫ് മേഖല കേന്ദ്രീകരിച്ച് ഭീകരവാദ സംഘം തമ്പടിച്ചിരിക്കുന്നതായി ഇന്റലിജന്‍സിന് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് പൊലീസ് പരിശോധന നടത്തിയത്. ഇവിടെ നിത്യസന്ദര്‍ശകരായിരുന്ന കൂടുതല്‍ യുവാക്കളും കേരളം, ബംഗാള്‍, ഉത്തര്‍പ്രദേശ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണെന്നും റിപ്പോര്‍ട്ടുണ്ട്.
പിടിയിലായ യുവാക്കള്‍ക്ക് പാകിസ്ഥാന്, ബംഗ്ലദേശ്, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് സാമ്പത്തിക സഹായം ലഭിച്ചിരുന്നതായും പൊലീസ് പറയുന്നു.
