തിരുവനന്തപുരം: കൊലപാതകക്കേസ് തെളിയിക്കാന്‍ പോലീസിനെ സഹായിച്ചതിന് കോടതിയുടെ അഭിനന്ദനം ലഭിച്ച പോലീസ് നായ ജെറിക്ക് സേനയുടെ സ്നേഹാദരം. ട്രാക്കര്‍ ഡോഗ് ജെറിയെ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് പോലീസ് ആസ്ഥാനത്ത് ക്ഷണിച്ചുവരുത്തിയാണ് ആദരിച്ചത്. സംസ്ഥാന പോലീസ് മേധാവി, ഡി.ജി.പിയുടെ കമന്റേഷന്‍ മെഡല്‍ ജെറിയെ അണിയിച്ചു. പോലീസ് നായയുടെ ഹാന്റ്ലര്‍മാരായ വിഷ്ണു ശങ്കര്‍.വി.എസ്, അനൂപ്.എം.വി എന്നിവര്‍ക്ക് എ.ഡി.ജി.പി മനോജ് എബ്രഹാം ക്യാഷ് അവാര്‍ഡ് സമ്മാനിച്ചു. ബറ്റാലിയന് ഡി.ഐ.ജി പി.പ്രകാശും ചടങ്ങില്‍ സംബന്ധിച്ചു.
കടയ്ക്കാവൂരില്‍ വീട്ടമ്മ കൊല്ലപ്പെട്ട കേസ് അന്വേഷിക്കുന്നതിന് പോലീസിനെ സഹായിച്ച ജെറിയെ കോടതി അഭിനന്ദിച്ചിരുന്നു. ലാബ്രഡോര്‍ റിട്രീവര്‍ ഇനത്തില്‍പെട്ട ജെറി 2016 ലാണ് തിരുവനന്തപുരം റൂറല്‍ പോലീസിന്റെ ഭാഗമായത്. അഞ്ചുവര്‍ഷത്തെ സേവനത്തിനിടെ പാലോട്, കിളിമാനൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ മൂന്ന് കൊലപാതകക്കേസുകള്‍ ഉള്‍പ്പെടെ നിരവധി കേസുകള്‍ തെളിയിക്കാന്‍ ജെറി സഹായിച്ചു. മികച്ച ട്രാക്കര്‍ ഡോഗിനുളള മെഡല്‍ ലഭിച്ചിട്ടുണ്ട്.