
തിരുവനന്തപുരം: വർദ്ധിച്ച് വരുന്ന ഓൺലൈൻ കുറ്റകൃത്യങ്ങളെക്കുറിച്ചും ഓൺലൈനിലൂടെ കുട്ടികളെ ചൂഷണം ചെയ്യുന്നതിനെക്കുറിച്ചും ബോധവൽക്കരണം നടപ്പിലാക്കുന്ന പരിപാടിയായ കൂട്ട് 2022 പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ നിർവ്വഹിച്ചു. കുട്ടികൾക്ക് എതിരെയുള്ള ലൈംഗികാതിക്രമണം തടയുന്നതിന് വേണ്ടി സംസ്ഥാനത്ത് നടത്തി വരുന്ന ഓപ്പറേഷൻ പി- ഹണ്ടിൽ ഓൺലൈൻ കേസുകൾ വർദ്ധിച്ച് വരുകയാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് കൂട്ട് ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നത്.

അപക്വമായ ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ ഇരകളിൽ ഭൂരിപക്ഷവും കൗമാരക്കാരായ കുട്ടികളായതിനാല്‍ സ്കൂൾ കുട്ടികൾക്ക് ഓൺലൈൻ കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ അവബോധം സൃഷ്ടിച്ചെടുക്കാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. ഓരോ ജില്ലയിലെയും തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിലെ കുട്ടികൾക്കും, അദ്ധ്യാപകർക്കും, രക്ഷിതാക്കൾക്കും ആധുനിക സാങ്കേതിക വിദ്യകളിലൂടെ അവബോധം നൽകി ഓൺലൈൻ ചൂഷണങ്ങളെ ശക്തമായി നേരിടാൻ സജ്ജമാക്കുക എന്നതാണ് ആദ്യ ഘട്ടത്തിലെ ലക്ഷ്യം.

കുട്ടികളെ ഓൺലൈൻ വഴിയുള്ള ചതിക്കുഴികളും അപകടങ്ങളും മനസ്സിലാക്കാനും ഒഴിവാക്കാനും പ്രാപ്തമാക്കുന്ന കാര്യങ്ങൾ പഠിപ്പിക്കുന്നതോടൊപ്പം സോഷ്യൽ മീഡിയയിൽ കുട്ടികളുടെ ഐഡന്റിറ്റി സുരക്ഷിതമാക്കുന്നതിനുള്ള ക്ലാസുകൾ, രക്ഷാകർതൃ നിയന്ത്രണത്തെക്കുറിച്ചുള്ള ക്ലാസുകൾ, ഓൺലൈൻ സോഷ്യൽ മീഡിയ സമീപനങ്ങളുടെ അപകടങ്ങൾ തുടങ്ങിയവയും പരിശീലിപ്പിക്കും. ഇരകൾക്കും അവരുടെ മാതാപിതാക്കൾക്കും ആവശ്യമായ നിയമപരവും ധാർമ്മികവുമായ പിന്തുണ നൽകുന്നതിനുള്ള സെഷനുകൾക്കുള്ള സൗജന്യ കൗൺസിലിംഗ് ഇത് വഴി നൽകും.
