തൃശൂര്‍ : കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ ബി ജെ പി നടത്തിയ പദയാത്രയ്ക്കെതിരെ പൊലീസ് കേസെടുത്തു. സുരേഷ് ഗോപി ഉള്‍പ്പെടെ 500 പേര്‍ക്കെതിരെയാണ് കേസെടുത്തത്. തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പൊലീസാണ് കേസെടുത്തത്.ഗതാഗത തടസം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുളളത്. ഈ മാസം രണ്ടിനാണ് സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ ബിജെപി പദയാത്ര നടത്തിയത്. കരുവന്നൂരിലെ ആദ്യ പരാതിക്കാരന് സുരേഷ്, തട്ടിപ്പിന് ഇരകളായി മരിച്ചവരുടെ ബന്ധുക്കള്‍ എന്നിവരെ പദയാത്രയില്‍ ആദരിച്ചിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് പദയാത്ര ഉദ്ഘാടനം ചെയ്തത്. പദയാത്ര സമാപനം സമ്മേളനം എം ടി രമേശും ഉദ്ഘാടനം ചെയ്തു.
കരുവന്നൂര്‍ മുതല്‍ തൃശൂര്‍ വരെ 18 കിലോമീറ്റര്‍ ദൂരമാണ് സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ പദയാത്ര നടത്തിയത്.സഹകരണബാങ്കുകള്‍ വളര്‍ന്നത് അംബാനിയുടെയും അദാനിയുടെയും പണം കൊണ്ടല്ല. ദിവസവേതനക്കാര്‍, ഓട്ടോറിക്ഷക്കാര്‍, ടീച്ചര്മാര്, പെന്‍ഷന്‍കാര്‍ തുടങ്ങിയ സാധാരണക്കാരുടെ രക്തവും വിയര്‍പ്പും മൂലമാണെന്ന് സുരേഷ് ഗോപി പദയാത്രയില്‍ പങ്കെടുക്കവെ പറഞ്ഞു. രണ്ടര കിലോമീറ്റര്‍ ദൂരമുണ്ടായിരുന്നു സുരേഷ് ഗോപിയെ അനുഗമിച്ച കാല്‍നടജാഥയ്ക്ക്. അത്രയ്ക്കേറെപ്പേര്‍ ജാഥയില്‍ അണിനിരന്നു. കരുവന്നൂരില്‍ നിന്നും തൃശൂര്‍ ജില്ലാ സഹകരണബാങ്ക് വരെയുള്ള നടത്തത്തിനിടയില്‍ റോഡിന് ഇരുവശത്തും ആളുകള്‍ തടിച്ചുകൂടി. സൂപ്പര്‍ സ്റ്റാറിനെ നേരിട്ടു കാണുക എന്നതിനപ്പുറം കരുവന്നൂര്‍ തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ച സിപിഎം നേതാക്കളോടുള്ള രോഷമായിരുന്നു അവരെ റോഡിന് ഇരുവശത്തും തടിച്ചുകൂടാന്‍ പ്രേരിപ്പിച്ചത്. സുരേഷ് ഗോപിയ്ക്ക് ഒപ്പം നടന്നത് ബിജെപിക്കാര്‍ മാത്രമല്ല. കരുവന്നൂര്‍ ബാങ്കിന്റെ തട്ടിപ്പിനിരയായവരും സിപിഎം നേതാക്കളുടെ തട്ടിപ്പിനോടുള്ള പ്രതിഷേധമുള്ളവരും കൂടി ആയിരുന്നു.