കോവിഡ് കാലഘട്ടത്തിൽ ഏതാനും ചില സംഭവങ്ങൾ ഒഴിവാക്കിയാൽ കേരള പോലീസ് മഹത്തായ പ്രവർത്തനങ്ങൾ ആണ് നടത്തിയത്. അക്രമ പ്രവർത്തനങ്ങളെ തടയാനായി സംസ്ഥാനത്ത് സാമൂഹ്യവിരുദ്ധര്‍, ഗുണ്ടകള്‍, മണ്ണ് മയക്കുമരുന്ന് മാഫിയ, ക്വട്ടേഷന്‍ സംഘങ്ങള്‍ എന്നിവരെ കണ്ടെത്താനും പിടികൂടാനുമായി പൊലീസ് മേധാവി അനില്‍ കാന്ത് പ്രഖ്യാപിച്ച പദ്ധതിയായ ഓപ്പറേഷന് കാവലിലൂടെ നിരവധി ഗുണ്ടകളെ തടങ്കലിലാക്കി.
ഇത്തരത്തിൽ പോലീസിൻറെ മഹത്തായ പ്രവർത്തനങ്ങൾ മുന്നോട്ടുപോകുമ്പോൾ ചിലയിടങ്ങളിൽ പോലീസുകാർ തന്നെ ഗുണ്ടകളെക്കാൾ മോശമായി പെരുമാറുന്നത് പൊലീസിന് ചീത്തപ്പേര് നൽകുന്നു. സാധാരണക്കാരായ ജനങ്ങളെ അകാരണമായി തല്ലിച്ചതക്കുകയും, അതിനെ ചെറുത്താൽ അവരെ ഔദ്യോഗിയ കൃത്യ നിർവഹണം തടസപ്പെടുത്തി എന്നപേരിൽ ജയിലടക്കുകയും ചെയ്യുമ്പോൾ വീണ്ടും പൊലീസിൻറെ ക്രൂരതകളും മൃഗീയതയും ജനങ്ങളിൽ അസ്വസ്ഥതയുളവാക്കുന്നു.

ഇത്തരത്തിലുള്ള പോലീസ് ഗുണ്ടകൾ രാഷ്ട്രീയ സ്വാധീനം മൂലം ശിക്ഷിക്കപ്പെടുന്നില്ലായെന്നതും പോലീസ് ഗുണ്ടായിസത്തിന് കാരണമാകുന്നു. കുറ്റവാളികൾ അല്ലാത്തവരെ കുടുംബത്തിൽ കയറി മർദിക്കുന്ന പോലീസ് കുറ്റക്കാരായ രാഷ്ട്രീയക്കാർ ഉൾപ്പടെ ഉള്ളവരുടെ മുന്നിൽ ഓച്ഛാനിച്ചു നിൽക്കുന്നതും കാണാനാകുന്നു. ആഭ്യന്തര വകുപ്പിൽ നിന്നും പൊലീസിൻറെ ഇത്തരം ഗുണ്ടാ വിളയാട്ടങ്ങൾക്ക് എതിരെ ശക്തമായ നടപടികൾ ആവശ്യമാണ്. തെറ്റുകാരായ പോലീസുകാർക്കെതിരെ ശക്തമായ ശിക്ഷ നടപടികൾ നൽകി കേരളം പോലീസ് പഴയ പ്രതാപം വീണ്ടും കൈവരിക്കണം.
