ചെന്നൈ: സ്കൂള്‍ വിദ്യാര്‍ഥിനികളെ ഉപയോഗിച്ച് പെണ്‍വാണിഭം നടത്തിവന്ന സ്ത്രീയും കൂട്ടാളികളും പിടിയിലായി. ചെന്നൈയില്‍ താമസിക്കുന്ന 37-കാരി, കൂട്ടാളികളായ രാമചന്ദ്ര(42), സുമതി(43), മായ ഒലി(29), ജയശ്രീ(43), രാമാന്ദ്രന്‍(70) എന്നിവരെയും കോയമ്പത്തൂര്‍ സ്വദേശിയായ അശോക് കുമാറി(31)നെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് ഏഴ് മൊബൈല്‍ഫോണുകളും ഒരു കാറും കസ്റ്റഡിയിലെടുത്തു. സംഘത്തിന്റെ കെണിയില്‍പ്പെട്ട രണ്ട് പെണ്‍കുട്ടികളെയും പോലീസ് മോചിപ്പിച്ചു.
സ്കൂള്‍ വിദ്യാര്‍ഥിനികളെ ഉപയോഗിച്ച് പെണ്‍വാണിഭസംഘം പ്രവര്‍ത്തിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിന് പിന്നാലെയാണ് ചെന്നൈ പോലീസ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് എ.സി.പി. രാജലക്ഷ്മി, ഇന്‍സ്പെക്ടര്‍ സെല്‍വറാണി എന്നിവരുടെ നേതൃത്വത്തില്‍ നഗരത്തിലെ ഒരു ലോഡ്ജില്‍ നടത്തിയ റെയ്ഡിലാണ് പ്രതികളെ പിടികൂടിയത്. ഇവിടെയുണ്ടായിരുന്ന 18,17 വയസ്സ് പ്രായമുള്ള പെണ്‍കുട്ടികളെയും പോലീസ് മോചിപ്പിച്ചു.
അറസ്റ്റിലായ 37-കാരിയാണ് കേസിലെ മുഖ്യപ്രതിയെന്ന് പോലീസ് പറഞ്ഞു. മകളുടെ സഹപാഠികളായ, സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്ന പെണ്‍കുട്ടികളെയാണ് യുവതി ചൂഷണംചെയ്തിരുന്നത്. നൃത്ത പരിശീലനത്തിന്റെ പേരില്‍ പെണ്‍കുട്ടികളുമായി പ്രതി സൗഹൃദം സ്ഥാപിച്ചിരുന്നു. ഇതിനൊപ്പം ബ്യൂട്ടീഷ്യന് കോഴ്സുകളും ഇവരെ പഠിപ്പിച്ചു. കൂടുതല്‍ പണം സമ്പാദിക്കാന്‍ സഹായിക്കുമെന്ന് പറഞ്ഞാണ് പെണ്‍കുട്ടികളെ ബ്യൂട്ടീഷന് കോഴ്സ് പഠിപ്പിച്ചിരുന്നത്. പിന്നാലെ കുട്ടികള്‍ക്ക് 25,000 മുതല്‍ 35,000 രൂപ വരെ നല്‍കുകയും പെണ്‍വാണിഭത്തിനായി നിര്‍ബന്ധിക്കുകയുമായിരുന്നു.
ചെന്നൈയ്ക്ക് പുറമേ ഡല്‍ഹിയിലും ഹൈദരാബാദിലും പെണ്‍കുട്ടികളെ എത്തിച്ചുനല്‍കിയിരുന്നു. ഇങ്ങനെ യാത്രചെയ്യേണ്ടിവരുമ്പോള്‍ പെണ്‍കുട്ടികളുടെ വീട്ടില്‍ പലകഥകളും പ്രതി അവതരിപ്പിച്ചിരുന്നു. ഇതിനിടെ, പെണ്‍കുട്ടികള്‍ പിന്നീട് യുവതിക്കൊപ്പം പോകാന്‍ വിസമ്മതിച്ചപ്പോള്‍ ഇവരെ ഭീഷണിപ്പെടുത്തി. സ്വകാര്യവീഡിയോകള്‍ പകര്‍ത്തിയിട്ടുണ്ടെന്നും ഇത് മാതാപിതാക്കള്‍ക്ക് അയച്ചുനല്‍കുമെന്നും പറഞ്ഞാണ് പ്രതി ഭീഷണിപ്പെടുത്തിയിരുന്നതെന്നും പോലീസ് പറഞ്ഞു.
സാമൂഹികമാധ്യമങ്ങള്‍ വഴിയാണ് യുവതി ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. ഹൈദരാബാദ്, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍നിന്നുള്ള വയോധികരടക്കം ഇവരുടെ ഇടപാടുകാരായിരുന്നു. സ്കൂള്‍ വിദ്യാര്‍ഥിനികളെ ചൂഷണംചെയ്യാനായി ഇവര്‍ വന്‍തുക ചെലവാക്കിയിരുന്നതായും പോലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ ഇരകളായ പെണ്‍കുട്ടികള്‍ക്ക് കൗണ്‍സിലിങ് നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.