ചൈനയിലെ കുട്ടികൾക്കിടയിൽ ശ്വാസകോശരോഗം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ജാഗ്രതാനിർദേശം നൽകി അഞ്ചുസംസ്ഥാനങ്ങൾ. കർണാടക, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, ഗുജറാത്ത്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ ആരോഗ്യവിഭാഗമാണ് മുൻകരുതൽ നിർദേശം നൽകിയിരിക്കുന്നത്. ഇതുസംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്രസർക്കാർ ജാഗ്രതാ നിർദേശം നൽകിയതിനു പിന്നാലെയാണിത്. പൊതുജനാരോഗ്യവും ആശുപത്രികളുടെ തയ്യാറെടുപ്പുകളും സംബന്ധിച്ച് വിലയിരുത്തൽ നടത്താനാണ് നിർദേശം. സീസണൽ ഫ്ലൂ വ്യാപനത്തേക്കുറിച്ചും നിർദേശത്തിൽ പറയുന്നുണ്ട്. അഞ്ചുമുതൽ ഏഴുദിവസത്തോളം നീണ്ടുനിൽക്കുന്ന ഇത് പകർച്ചവ്യാധിയാണെന്നും മരണനിരക്ക് കുറവാണെന്നും വ്യക്തമാക്കുന്നുണ്ട്. എന്നാൽ കുട്ടികൾ, മുതിർന്നവർ, ഗർഭിണികൾ, പ്രതിരോധശേഷി കുറഞ്ഞവർ, ദീർഘകാലം മരുന്നുകളെടുക്കുന്നവർ തുടങ്ങിയവരിൽ അപകടസാധ്യതയ്ക്കിടയുണ്ടെന്നും നിർദേശത്തിലുണ്ട്.
പനി, വിറയൽ, വിശപ്പ് കുറവ്, ഓക്കാനം, തുമ്മൽ, വരണ്ട ചുമ മുതലായവയാണ് സീസണൽ ഫ്ലൂവിന്റെ പ്രധാനലക്ഷണങ്ങൾ. അപകടസാധ്യതാ വിഭാഗത്തിൽ ഇത് മൂന്നാഴ്ച്ചകളോളം നീണ്ടുനിൽക്കാനുമിടയുണ്ട്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മുഖം മറയ്ക്കുക, ഇടയ്ക്കിടെ കൈകൾ കഴുകുക, ആൾക്കൂട്ടങ്ങളിൽ മാസ്ക് ധരിക്കുക തുടങ്ങിയവ പാലിക്കണമെന്നും പറയുന്നുണ്ട്.
ചൈനയിലെ രോഗവ്യാപനപശ്ചാത്തലത്തിൽ കൂടുതൽ കരുതൽ വേണമെന്ന് ഉത്തരാഖണ്ഡും മുന്നറിയിപ്പ് നൽകി. ഉത്തരാഖണ്ഡിലെ ചമോലി, ഉത്തരകാശി, പിതോറഗർ തുടങ്ങിയ മൂന്ന് ജില്ലകൾ ചൈനയുമായി അതിർത്തി പങ്കിടുന്ന സാഹചര്യത്തിലാണിത്.
നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെങ്കിലും മുൻകരുതൽ തുടരണമെന്നും പകർച്ചവ്യാധി പ്രതിരോധം ശക്തമാക്കണമെന്നുമാണ് രാജസ്ഥാൻ സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. ശിശുരോഗവിഭാഗങ്ങളിലും മരുന്ന് മേഖലകളിലും അവശ്യ നടപടികൾ കൈക്കൊള്ളുമെന്നും അറിയിച്ചിട്ടുണ്ട്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വളരെ സൂക്ഷ്മമായി തന്നെ സ്ഥിതിഗതികൾ പരിശോധിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നുണ്ടെന്ന് കേരളത്തിന്റെ ആരോഗ്യമന്ത്രി വീണ ജോർജും വ്യക്തമാക്കിയിരുന്നു.
പൊതുജനാരോഗ്യം സംബന്ധിച്ചും ആശുപത്രിയിലെ മുന്നൊരുക്കങ്ങൾ സംബന്ധിച്ചും ഉടനടി വിലയിരുത്തൽ നടത്തണമെന്നാണ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്രആരോഗ്യമന്ത്രാലയം നിർദേശം നൽകിയിരുന്നത്. കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതിനു പിന്നാലെയാണ് ശ്വാസകോശരോഗങ്ങളുടെ കാര്യത്തിൽ വർധനവുണ്ടായിരിക്കുന്നതെന്നാണ് ചൈനയിലെ അധികൃതർ നൽകുന്ന വിശദീകരണം. കൂടാതെ കുട്ടികളെ ബാധിക്കുന്ന മൈകോപ്ലാസ്മ ന്യുമോണിയ എന്ന സാധാരണ ബാക്ടീരിയൽ അണുബാധയുടെ വ്യാപനവും കാരണമാണെന്നും മേയ് മുതൽ അതുകണ്ടുവരുന്നുണ്ടെന്നും ചൈന വ്യക്തമാക്കുന്നു. രോഗം കൂടുതൽ പടരുന്നത് തടയാൻ അവശ്യനടപടികൾ കൈക്കൊള്ളണമെന്ന് ലോകാരോഗ്യസംഘടനയും നിർദേശിച്ചിട്ടുണ്ട്.