വത്തിക്കാൻ സിറ്റി: വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. ജി 20 ഉച്ചക്കോടിക്കായി ഇന്നലെ ഇറ്റലിയിലെത്തിയ പ്രധാനമന്ത്രി ഇന്ത്യൻസമയം ഉച്ചയ്ക്ക് 12 മണിയോടെയാണ് മാർപാപ്പയുടെ വസതിയായ വത്തിക്കാൻ പാലസിലേക്ക് മോദി എത്തിയത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും വിദേശകാര്യമന്ത്രി എസ്. ജയശങ്കറും പ്രധാനമന്ത്രിയെ അനുഗമിച്ചു. മാർപാപ്പയുമായി പ്രധാനമന്ത്രി ഒന്നേകാൽ മണിക്കൂറിലേറെയാണ് ചർച്ച നടത്തിയത്.
മാർപാപ്പയെ സന്ദർശിച്ച ശേഷം വത്തിക്കാൻ വിദേശകാര്യ സെക്രട്ടറി കർദിനാൾ പിയത്ര പരോളിൻ ഉൾപ്പെട്ട പ്രതിനിധി സംഘവുമായും മോദി കൂടിക്കാഴ്ച നടത്തി. ജവഹര്‍നെഹ്റു, ഇന്ദിരാഗാന്ധി, ഐ.കെ.ഗുജ്റാൾ, എ.ബി.വാജ് പേയി എന്നിവര്‍ക്ക് ശേഷം മാർപാപ്പയെ വത്തിക്കാനിൽ സന്ദർശിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി. പോപ്പും പ്രധാനമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച അതീവ ഹൃദ്യമായിരുന്നുവെന്ന് വിദേശകാര്യമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യയിലെ കൊവിഡ് സാഹചര്യം ഇരുവരും ചർച്ച ചെയ്തു. രണ്ട് കൊവിഡ് തരംഗങ്ങളെ രാജ്യം എങ്ങനെ അതിജീവിച്ചുവെന്ന് മോദി മാർപാപ്പയോട് വിശദീകരിച്ചു. കൊവിഡിൽ ഇന്ത്യയിലുണ്ടായ മരണങ്ങളിൽ പോപ്പ് അനുശോചനം രേഖപ്പെടുത്തി. കാലാവസ്ഥാ വ്യതിയാനവും ദാരിദ്ര നിർമാർജനവും ഇരുവരും ചർച്ച ചെയ്തുവെന്നും മാർപാപ്പയെ ഇന്ത്യയിലേക്ക് പ്രധാനമന്ത്രി ക്ഷണിച്ചെന്നുമാണ് വിവരം.
ഇന്നലെ രാവിലെ റോമിലെത്തിയ പ്രധാനമന്ത്രി നരേനദ്ര മോദി യൂറോപ്യൻ യൂണിയൻ കൗണ്‍സിലിന്റെയും കമ്മീഷന്റെയും പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇറ്റയിലെ പിയാസ ഗാന്ധിയിലും മോദി സന്ദര്‍ശനം നടത്തി. ഗാന്ധി ശില്പത്തിൽ പൂക്കളര്‍പ്പിച്ച മോദി അവിടെ ഇന്ത്യൻ വംശജരുമായി സംസാരിച്ചു. ജി 20 ചര്‍ച്ചക്കിടെ വിവിധ രാഷ്ട്രതലവന്മാരുമായി മോദി പ്രത്യേകം ചര്‍ച്ച നടത്തും. ദേശീയതലത്തിൽ മാത്രമല്ല, അന്താരാഷ്ട്ര തലത്തിലും വലിയ പ്രധാന്യമാണ് കൂടിക്കാഴ്ചയ്ക്കുള്ളത്.