കൊച്ചി: രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് പ്രധാനമന്ത്രി കൊച്ചിയിലെത്തും. ബിജെപിയുടെ യുവം പരിപാടിയില്‍ സംവദിച്ച ശേഷം അദ്ദേഹം ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തും. കൊച്ചി നാവികസേനാ വിമാനത്താവളത്തിലിറങ്ങുന്ന പ്രധാനമന്ത്രി തന്റെ ഓദ്യോഗിക വാഹനത്തില്‍ വെണ്ടുരിത്തി പാലത്തിലെത്തും. ശേഷം തേവര ഭാഗത്തേക്ക് വരുമ്പോള്‍ പാലം അവസാനിക്കുന്നിടത്തുനിന്നാകും റോഡ് ഷോ തുടങ്ങുന്നത്. 1.8 കിലോ മീറ്ററാണ് റോഡ് ഷോ. റോഡിനിരുവശവും ബാരിക്കേഡ് കെട്ടി ആളുകളെ നിയന്ത്രിക്കും. പതിനയ്യായിരം പേരെങ്കിലും റോഡ് ഷോ കാണാൻ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി രണ്ടായിരത്തിലധികം പോലീസുകാരെയാണ് നഗരത്തില്‍ വിന്യസിച്ചിരിക്കുന്നത്. യുവം പരിപാടിക്കെത്തുന്നവരുടെ കയ്യില്‍ മൊബൈല്‍ ഫോണുകള്‍ മാത്രമേ അനുവദിക്കൂവെന്നാണ് റിപ്പോർട്ട്. തുടർന്ന് എസ്എച്ച് കോളേജ് മൈതാനിയില്‍ സജ്ജമാക്കിയിട്ടുള്ള വേദിയില്‍ യുവജനങ്ങളുമായി സംവദിക്കുന്ന പ്രധാനമന്ത്രി വൈകുന്നേരം ഏഴു മണിക്ക് താജ് മലബാര്‍ ഹോട്ടലില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പടെയുള്ള എട്ട് സഭാമേലദ്ധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തും. പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ക്രൈസ്തവ സഭാ ഏകോപനത്തിന് ചുക്കാന്‍ പിടിച്ച ഡോ. കെ എസ് രാധാകൃഷ്ണനും ഈ കൂടിക്കാഴ്ചയില്‍ പങ്കെടുക്കും.