കൊല്ലം: ഓയൂരിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പുതിയ തെളിവുകൾ പുറത്തുവിട്ട് അന്വേഷണ സംഘം. പ്രതികൾ കൂടുതൽ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയും അതിനായി ആസൂത്രണം നടത്തിയെന്നും അന്വേഷണ സംഘം വ്യക്തമാക്കി.ഇത് സ്ഥിരീകരിക്കുന്ന രേഖകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. പ്രതികൾ നിരവധി കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി തുടക്കത്തിൽ തന്നെ സംശയം ഉണ്ടായിരുന്നു. പ്രതികളിലൊരാളായ അനുപമയുടെ നോട്ട്ബുക്കുകളിൽ നിന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ തയ്യാറാക്കിയ പദ്ധതികളുടെ രേഖകൾ ലഭിച്ചതായി അന്വേഷണ സംഘം കൂട്ടിച്ചേർത്തു. നിരവധി കുട്ടികളെ ഇവർ ഉന്നം വച്ചിരുന്നതിന്റെ തെളിവാണിത്.
പ്രതികളായ പത്മകുമാർ, അനിത കുമാരി, അനുപമ എന്നിവരെ ഇപ്പോഴും ചോദ്യം ചെയ്തപ്പോൾ. എന്നാൽ ചോദ്യങ്ങളിൽ പലതിനും കൃത്യമായ മറുപടി നൽകാതെ മൗനം പാലിക്കുകയാണ് പ്രതികളെന്ന് അന്വേഷണ സംഘം അറിയിച്ചു.കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതി പ്രതികളെ ഏഴ് ദിവസത്തേക്കാണ് ഇന്നലെ അന്വേഷണ സംഘത്തിന് കസ്റ്റഡിയിൽ വിട്ടുനൽകിയത്. പ്രതികളുടെ മൊഴികൾ നിലവിലുള്ള തെളിവുകളുമായി ഒത്തുനോക്കിയാണ് ചോദ്യം ചെയ്യൽ. ഇന്നോ നാളെയോ തട്ടിക്കൊണ്ടു പോകൽ നടന്ന പൂയപ്പള്ളി, കടന്നുപോയ വഴികൾ, ഒളിവിൽ പാർപ്പിച്ച ചാത്തന്നൂരിലെ പ്രതികളുടെ വീട് എന്നിവിടങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും.