മനാമ: സ്തനാര്‍ബുദ ബോധവത്കരണ മാസാചരണത്തിന്റെ ഭാഗമായി ഷിഫ അല്‍ ജസീറ ഹോസ്പിറ്റല്‍ പിങ്ക് ഷിഫ പരിപാടി സംഘടിപ്പിച്ചു. ബോധവല്‍ക്കരണ സെമിനറുകള്‍, സ്വയം പരിശോധനാ ക്ലാസ്സുകള്‍, ചര്‍ച്ച, സൗജന്യ മെഡിക്കല്‍ പരിശോധന എന്നിവ ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചു.
പവിഴ ദ്വീപിലെ കോഴിക്കോട്ടുകാര്‍ വനിതാ വിഭാഗവുമായി സഹകരിച്ച് രാവിലെ സ്തനാര്‍ബുദ ബോധവത്കരണ സെമിനാറും സൗജന്യ മെഡിക്കല്‍ ക്യാമ്പും നടത്തി. സ്പെഷ്യലിസ്റ്റ് റേഡിയോളജിസ്റ്റ് ഡോ. ബെറ്റി മറിയാമ്മ ബോബെന്‍ ക്ലാസ് എടുത്തു. സ്തനാര്‍ബുദത്തെ നേരത്തേ കണ്ടെത്തേണ്ടതിന്റെയും അവയെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിന്റെയും പ്രാധാന്യം അവര്‍ എടുത്തു പറഞ്ഞു.
സ്തനാര്‍ബുദ ബോധവല്‍ക്കരണം, സ്ക്രീനിംഗില്‍ ആധുനിക സാങ്കേതിക വിദ്യയുടെ ഉപയോഗം, അപകടസാധ്യത കുറയ്ക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ സെമിനാര്‍ ചര്‍ച്ച ചെയ്തു. പങ്കെടുത്തവര്‍ക്ക് സൗജന്യ വൈദ്യപരിശോധനയും കണ്‍സള്‍ട്ടേഷനും നല്കി. കൂടാതെ, ബ്രെസ്റ്റ് അള്‍ട്രാസൗണ്ട്, മാമോഗ്രാം എന്നിവയില്‍ 50 ശതമാനം ഡിസ്കൗണ്ടും ലഭ്യമാക്കിയിരുന്നു. പവിഴ ദ്വീപിലെ കോഴിക്കോട്ടുകാര്‍ വനിതാ വിഭാഗം കണ്‍വീനര്‍ ഗീത ജനാര്ദ്ദനന്, ജോയിന്റ് കണ്‍വീനര്‍മാരായ ശ്രീലത പങ്കജ്, നീന ഗിരീഷ് എന്നിവര്‍ നേതൃത്വം നല്കി.
വൈകീട്ട്, 973 ലോഞ്ച്, ഗോ എലൈവ് മീഡിയ എന്നിവയുമായി ചേര്‍ന്ന് ചര്‍ച്ച സംഘടിപ്പിച്ചു. യുഎസ് എംബസിയിലെ പബ്ലിക് അഫയേഴ്സ് ഓഫീസര്‍ ലിന്‍ഡ മക്കല്ലന്‍ മുഖ്യാതിഥിയും തനിമ ചക്രവര്‍ത്തി, ഡോ.അനിഷ എബ്രഹാം എന്നിവര്‍ വിശിഷ്ടാതിഥികളുമായി. ഷിഫ അല്‍ ജസീറ ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ.സല്മാന് ഗരീബ്, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഡോ.സായ് ഗിരിധര്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. രാജി ഉണ്ണികൃഷ്ണന് പരിപാടിക്ക് ആമുഖം നല്കി.
ഷിഫ ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റ് ഡോ. ഷൈനി സുശീലന് പ്രഭാഷണം നടത്തി. സ്തനാര്‍ബുദം നേരത്തെ കണ്ടെത്തുന്നതിന്റെ പ്രധാന്യം വ്യക്തമാക്കിയ അവര്‍ സ്വയം സ്തനപരിശോധന, മാമോഗ്രാം ഉള്‍പ്പെടെയുള്ള ആധുനിക ചികിത്സാ രീതീകള്‍ എന്നിവയെ കുറിച്ചും മുന്‍കരുതല്‍ എടുക്കേണ്ട വിധം എന്നിവയെ കുറിച്ച് സംസാരിച്ചു.
നേപ്പാള്‍ എംബസിയിലെ കോണ്‍സുലര്‍ അറ്റാച്ചഷെ ജമുന കഫ്ലെ, യുഎസ് എംബസിയിലെ മെഡിക്കല്‍ പ്രൊഫഷണലായ ലിന്‍ഡ്സെ കെയ്ന്‍, ഇന്ത്യന്‍ എംബസി കോണ്‍സുലര്‍ വിഭാഗം ജീവനക്കാരി ചേതന ഹെഗ്ഡെ, വിവിധ സംഘടനകളുടെ പ്രതിനിധികള്‍ തുടങ്ങിയ പ്രമുഖര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ഇന്ത്യന്‍ ലേഡീസ് അസോസിയേഷന്, പാകിസ്ഥാന് വിമന്‍സ് അസോസിയേഷന്, ലൈഫ് ആന്‍ഡ് സ്റ്റൈല്‍ മാഗസിന്, ബികെഎസ് ലേഡീസ് വിംഗ് തുടങ്ങി വിവിധ സംഘടനകളെയും സ്ഥാപനങ്ങളെയും പ്രതിനിധികരിച്ച് 30 ഓളം പേര് പങ്കെടുത്തു. പരിപാടിക്ക് സമാപനമായി കേക്ക് മുറിക്കല്‍ ചടങ്ങും നടന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 17288000 എന്ന നമ്പറിലോ 16171819 എന്ന വാട്ട്സ്ആപ്പ് നമ്പറിലോ ബന്ധപ്പെടുക.