കൊച്ചി: ആറ്റിങ്ങലിൽ മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് എട്ടുവയസുകാരിയെ പിങ്ക് പോലീസ് ഉദ്യോഗസ്ഥ പരസ്യമായി വിചാരണ ചെയ്ത സംഭവത്തിൽ നഷ്ടപരിഹാരം നൽകാനാകില്ലെന്ന് സർക്കാർ.
കുട്ടിക്ക് മൗലികാവകാശ ലംഘനം ഉണ്ടായിട്ടില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു . ഉദ്യോഗസ്ഥയ്ക്കെതിരെ പരമാവധി നടപടി സ്വീകരിച്ചെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.
കുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്ന് ജസ്റ്റീസ് ദേവൻരാമചന്ദ്രൻറെ ബെഞ്ച് ആണ് സർക്കാരിനോട് നിർദേശിച്ചിരുന്നത്. വലിയ മാനസിക പീഡനമാണ് പെൺകുട്ടി നേരിടേണ്ടി വന്നതെന്ന് ചൂണ്ടിക്കാട്ടിയ കോടതി നമ്പി നാരായണൻ കേസിൽ നഷ്ടപരിഹാരം നൽകിയ മാതൃകയിൽ പെൺകുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു.
പിങ്ക് പോലീസ് ഉദ്യോഗസ്ഥയെ സംരക്ഷിക്കും വിധം റിപ്പോർട്ട് നൽകിയ ഡിജിപിയെയും കോടതി വിമർശിച്ചിരുന്നു. കാക്കി കാക്കിയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. യൂണിഫോമിട്ടാൽ എന്തും ചെയ്യാം എന്നാണോ എന്നും കേസ് പരിഗണിച്ച വേളയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചിരുന്നു.
പോലീസ് ഉദ്യോഗസ്ഥയയായ രജിതയുടെ മാപ്പപേക്ഷ അംഗീകരിക്കില്ലെന്ന് കുട്ടിയുടെ അഭിഭാഷക കോടതിയിൽ അറിയിച്ചിട്ടുണ്ട്. കുട്ടി വലിയതോതിലുള്ള മാനസിക സംഘർഷം അനുഭവച്ചിട്ടുണ്ടെന്നും അധികൃതരിൽ നിന്ന് നീതികിട്ടിയില്ലെന്നും അതിനാൽ മാപ്പ് അപേക്ഷ അംഗീകരിക്കാൻ സാധിക്കില്ലെന്നും കുട്ടിയുടെ അഭിഭാഷക വ്യക്തമാക്കി.
തിരുവനന്തപുരം ആറ്റിങ്ങലിലാണ് എട്ട് വയസ്സുകാരിയെയും പിതാവിനെയും പിങ്ക് പോലീസ് ഉദ്യോഗസ്ഥ അപമാനിച്ചത്. മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു പരസ്യവിചാരണ.
പോലീസ് ഉദ്യോഗസ്ഥ രജിതക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനുമുന്നിലും പ്രതിഷേധം നടന്നിരുന്നു. സ്ഥലം മാറ്റത്തിലൂടെ ഇവരെ രക്ഷിക്കാനാണ് പോലീസിൻറെ ശ്രമമെന്നും കുടുംബം ആരോപിച്ചിരുന്നു. അതേസമയം മോഷ്ടിച്ചെന്നാരോപിച്ച മൊബൈൽ ഫോൺ പോലീസ് ഉദ്യോഗസ്ഥയുടെ ബാഗിൽ നിന്ന് തന്നെ കണ്ടെത്തുകയും ചെയ്തിരുന്നു.