തിരുവനന്തപുരം: എല്ലാ മലയാളികൾക്കും ഓണാശംസകള്‍ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ഓണക്കാലവും നമ്മളിൽ പുതിയ പ്രതീക്ഷകൾ നിറയ്ക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു.
‘ഒരുമയുടെ, സ്നേഹത്തിന്റെ, സമൃദ്ധിയുടെ സന്ദേശം നൽകി ഒരു തിരുവോണ ദിനം കൂടി വന്നെത്തിയിരിക്കുന്നു. പൂക്കളം തീർത്തും പുതുവസ്ത്രങ്ങൾ ധരിച്ചും സദ്യയൊരുക്കിയും ലോകമെമ്പാടുമുള്ള മലയാളികൾ ഓണത്തെ വരവേൽക്കുകയാണ്. പ്രതിബന്ധങ്ങൾ തരണം ചെയ്ത് പ്രതിസന്ധി കാലത്തെ അതിജീവിക്കാൻ വേണ്ട പ്രത്യാശയും ഊർജ്ജവുമാണ് ഓരോ ഓണവും പകരുന്നത്. ഈ ഓണക്കാലവും പുതിയ പ്രതീക്ഷകൾ നമ്മളിൽ നിറയ്ക്കട്ടെ. ഐക്യത്തോടെ നമ്മെ ചേർത്തു നിർത്തട്ടെ. സമത്വവും സമാധാനവും സാഹോദര്യവും ഉയർത്തിപ്പിടിച്ചു നല്ല നാളേയ്ക്കായി നമുക്കൊരുമിച്ച് മുന്നേറാം’ – പിണറായി വിജയൻ വാർത്തക്കുറിപ്പിൽ പറഞ്ഞു.