കൊച്ചി: പൗരത്വഭേദഗതി നിയമം ഭരണഘടനാവിരുദ്ധവും ജനവിരുദ്ധ വര്‍ഗീയ അജന്‍ഡയുടെ ഭാഗവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അത് കേരളം നടപ്പാക്കില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചതാണ്, അതുതന്നെയാണ് ഇപ്പോഴും ആവര്‍ത്തിച്ചുപറയാനുള്ളത്. ഈ നിലപാട് എല്ലാതരത്തിലും ഉറപ്പിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അതിനാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഒറിജിനല്‍ സ്യൂട്ട് ഫയല്‍ചെയ്തതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഭരണഘടനയുടെ അന്തഃസത്തയ്ക്ക് വിരുദ്ധവും ജനങ്ങളുടെ മതാടിസ്ഥാനത്തില്‍ വിഭജിക്കുന്നതുമാണ് നിയമം. സംഘപരിവാറിന്റെ തീവ്രഹിന്ദുത്വ അജന്‍ഡയുടെ ഭാഗമാണിത്. വിഭജനരാഷ്ട്രീയത്തിലൂടെ തിരഞ്ഞെടുപ്പില്‍ നേട്ടംകൊയ്യാനുള്ള സംഘപരിവാറിന്റെ ഹീനമായ നീക്കമാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
സിഎഎ എല്ലാ അര്‍ഥത്തിലും ഇന്ത്യ എന്ന ആശയത്തിനുള്ള വെല്ലുവിളിയാണ്. ഇസ്ലാം മതവിശ്വാസികള്‍ക്ക് മാത്രം പൗരത്വം നിഷേധിക്കുന്നു. ഇത് ഭരണഘടന അനുശാസിക്കുന്ന മൂല്യങ്ങളുടെ നഗ്നമായ ലംഘനമാണ്. പ്രത്യേക മതവിശ്വാസത്തെ പൗരത്വം നിര്‍ണയിക്കുന്ന വ്യവസ്ഥയാക്കുകയാണ്. പുറംന്തള്ളലിന്റെ രാഷ്ട്രീയമാണിത്. മുസ്ലിം ന്യൂനപക്ഷങ്ങളെ രണ്ടാംതരം പൗരന്മമാരായി കണക്കാക്കുന്നു. ഭരണഘടനയ്ക്കുപകരം മനുസ്മൃതിയെ പ്രതിഷ്ഠിക്കുന്ന സംഘപരിവാര്‍ തലച്ചോറുകളില്‍നിന്നാണ് ഈ വിഷലിപ്തമായ നിയമം ജന്മംകൊണ്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മതത്തെ അടിസ്ഥാനപ്പെടുത്തിയ പൗരത്വസങ്കല്‍പ്പം രാജ്യത്തിന്റെ ഭരണഘടനയിലുള്ളതല്ല. മൗലികാവകാശങ്ങള്‍ ഹനിക്കുന്ന ഒരു നിയമവും സര്‍ക്കാരുകള്‍ക്ക് കൊണ്ടുവരാന്‍ കഴിയില്ല. പാകിസ്താനിലെ അഹമദീയ മുസ്ലിങ്ങള്‍, അഫ്ഗാനിസ്ഥാനിലെ ഹസരവിഭാഗം, മ്യാന്മറിലെ റോഹിംഗ്യകള്‍, ശ്രീലങ്കയിലെ തമിഴ് വംശജര്‍ എല്ലാം പൗരത്വത്തിന്റെ പടിക്കുപുറത്താവുന്നത് സിഎഎയുടെ രാഷ്ട്രീയലക്ഷ്യത്തെയാണ് വ്യക്തമാക്കുന്നത്. കുടിയേറിയ മുസ്ലിങ്ങളുടെ പൗരത്വത്തെ നിയമവിരുദ്ധമാക്കുകകൂടിയാണ് സിഎഎയുടെ യഥാര്‍ഥ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വനിയമത്തിനെതിരായ സമരങ്ങളില്‍ ആദ്യഘട്ടത്തില്‍ യോജിപ്പിന് തയ്യാറായ കോണ്‍ഗ്രസ് വളരെപ്പെട്ടെന്ന് ചുവടുമാറ്റി. നിയമസഭ ഒറ്റക്കെട്ടായി പാസാക്കിയ നിയമത്തെപ്പോലും അന്നത്തെ കെ.പി.സി.സി. പ്രസിഡന്റ് പരിഹസിച്ചു. യോജിച്ച പ്രക്ഷോഭത്തിനില്ലെന്ന നിലപാടാണ് പിന്നീട് കോണ്‍ഗ്രസില്‍നിന്ന് വന്നത്. യോജിച്ച പ്രക്ഷോഭങ്ങള്‍ക്ക് ഉറച്ച പിന്തുണ നല്കിയ കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയായിരുന്നു കോണ്‍ഗ്രസിന്റെ ഈ തീരുമാനം. മതനിരപേക്ഷ രാഷ്ട്രീയം മുറുകെപ്പിടിക്കുന്നവര്‍ ഡിസംബര്‍ പത്തിന് രാജ്യത്താകെ തെരുവിലിറങ്ങി. അപ്പോള്‍ കോണ്‍ഗ്രസ് എം.പിമാര്‍ പാര്‍ട്ടി അധ്യക്ഷയുടെ വീട്ടില്‍ വിരുന്നുണ്ണുകയായിരുന്നു. ബില്‍ ലോക്സഭയില്‍ അവതരിപ്പിക്കപ്പെട്ടപ്പോള്‍ സാങ്കേതികമായി പ്രതികരിച്ചുവെന്ന് വരുത്തി മൂലയ്ക്കിരിക്കുകയായിരുന്നു കേരളത്തില്‍നിന്നുള്ള കോണ്‍ഗ്രസ് എം.പിമാരെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
2020 ജനുവരിയില്‍ ഡല്‍ഹിയില്‍ രാജ്യതലസ്ഥാനത്ത് പൗരത്വനിയമത്തിനെതിരെ ജനകീയ പ്രക്ഷോഭം കനത്തപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ് എം.പിമാരെ കാണാനുണ്ടായിരുന്നില്ല. പൗരത്വനിയമത്തിനെതിരായ സമരങ്ങളില്‍ കോണ്‍ഗ്രസ് എവിടെയും ഇല്ലായിരുന്നു. വളരെ വൈകിയാണ് ദേശീയ തലത്തില്‍ കോണ്‍ഗ്രസ് നിലപാട് പറഞ്ഞതുതന്നെ. ചട്ടങ്ങള്‍ വിജ്ഞാപനംചെയ്തിട്ട് രണ്ടുദിവസം കഴിഞ്ഞിരിക്കുന്നു. കോണ്‍ഗ്രസ് ഔദ്യോഗികമായി ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. ദേശീയതലത്തില്‍ കോണ്‍ഗ്രസിന് ഇക്കാര്യത്തില്‍ ഇനിയും നിലപാടില്ലേ? കോണ്‍ഗ്രസ് പാര്‍ട്ടിയോ ദേശീയ ആധ്യക്ഷനോ ഈ വര്‍ഗീയ വിഭജന നിയമത്തിന് എതിരെ ഔദ്യോഗികമായി ഒരക്ഷരം മിണ്ടിയിട്ടില്ല. ഭാരത് ജോഡോ ന്യായ് യാത്ര നടത്തുന്ന രാഹുല്‍ഗാന്ധിയാകട്ടെ ഇങ്ങനെയൊരു വിഷയം അറിഞ്ഞതായേ ഭാവിച്ചിട്ടില്ല. എന്തുകൊണ്ടുവൈകിയെന്നാണ് എ.ഐ.സി.സി. സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ചോദിക്കുന്നത്’, മുഖ്യമന്ത്രി പറഞ്ഞു.
കോണ്‍ഗ്രസ് ഈ വര്‍ഗീയ നിയമത്തിനെതിരെ നിലപാടെടുക്കുന്നില്ല. ആ പാര്‍ട്ടി വിശ്വസിക്കാന്‍ കൊള്ളാത്ത ഒന്നാണെന്ന് ആവര്‍ത്തിച്ച് തെളിയിച്ചുകൊണ്ടിരിക്കുന്നു. പൗരത്വനിയമഭേദഗതി നിയമത്തിനെതിരായി സംസ്ഥാനത്ത് എടുത്തവയില്‍ നിലവില്‍ കോടതിയുടെ പരിഗണനയില്‍ 206 കേസുകളാണ് ഉള്ളത്. ഇതില്‍ 84 എണ്ണത്തില്‍ സര്‍ക്കാര്‍ പിന്‍വലിക്കാനുള്ള സമ്മതം നല്‍കിയിട്ടുണ്ട്. അന്വേഷണഘട്ടത്തിലുള്ളത് കേവലം ഒരുകേസുമാത്രമാണ്. കേസ് തീര്‍പ്പാക്കാന്‍ അപേക്ഷനല്കാത്തതും ഗുരുതരസ്വഭാവമുള്ളതുമായ കേസുകളാണ് പിന്‍വലിക്കാത്തതെന്നും അദ്ദേഹം വ്യക്തമാക്കി.