ദുബായ്: ഔദ്യോഗിക സന്ദര്‍ശനത്തിനായി യുഎഇലെത്തിയ മുഖ്യമന്ത്രി യുഎഇ സാമ്പത്തിക വകുപ്പ് മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മാരിയുമായുള്ള കൂടിക്കാഴ്ച നടത്തി. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച വ്യവസായ അന്തരീക്ഷമാണ് കേരളത്തിലുള്ളതെന്നും നിക്ഷേപകര്‍ക്ക് സര്‍ക്കാര്‍ എല്ലാവിധ പിന്തുണയും നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
യുഎഇ സര്‍ക്കാര്‍ മേഖലയിലെയും സ്വകാര്യ മേഖലകയിലെയും നിക്ഷേപകരെ മുഖ്യമന്ത്രി കേരളത്തിലേക്ക് സ്വാഗതം ചെയ്തു.

ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സിറ്റിയിലെ നാല്പത്തി ഒന്നാം നിലയിലെ സാമ്പത്തിക വകുപ്പ് കാര്യാലയത്തിലായിരുന്നു കൂടിക്കാഴ്ച.

മുഖ്യമന്ത്രിയെ ഊഷ്മളമായ സ്വീകരിച്ച യുഎഇ സാമ്പത്തിക മന്ത്രി, യുഎഇയും ഇന്ത്യയും തമ്മിലുള്ള വാണിജ്യ സഹകരണം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ശക്തിപ്പെട്ടതായി അറിയിച്ചു.

യുഎഇയില്‍ പുതുതായി രണ്ട് ലക്ഷത്തോളം തൊഴിലുകളാണ് സൃഷ്ടിക്കപെടാന്‍ പോകുന്നതെന്നും മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്ക് ഇത് ഏറെ ഗുണംചെയ്യുമെന്നും മന്ത്രി പറഞ്ഞു.

യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍, നോര്‍ക്ക വൈസ് ചെയര്‍മാനും അബുദാബി ചേംബര്‍ വൈസ് ചെയര്‍മാനുമായ എംഎ യൂസഫലി, മിര്‍ മുഹമ്മദ് ഐഎഎസ് എന്നിവരും സംബന്ധിച്ചു.

മുഖ്യമന്ത്രിയെയും അതിഥികളെയും മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മാരിയുടെയും സാമ്പത്തിക വകുപ്പ് അണ്ടര്‍ സെക്രട്ടറി ജുമാ മുഹമ്മദ് അല്‍ കൈത്, വാണിജ്യ വിഭാഗം അണ്ടര്‍ സെക്രട്ടറി അബ്ദുല്‍ അസീസ് അല്‍ നെയ്മി എന്നിവരുടെയും നേതൃത്വത്തില്‍ സ്വീകരിച്ചു.
