തിരുവനന്തപുരം: വ്യവസായ വികസനം ലക്ഷ്യംവച്ച് ജനുവരിയില്‍ ആഗോള നിക്ഷേപ സംഗമം സംഘടിപ്പിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്.
കൂടുതല്‍ നിക്ഷേപങ്ങളെ ആകര്‍ഷിക്കാനാണ് പുതിയ വ്യവസായനയം ആവിഷ്ക്കരിച്ചത്. 22 മുന്‍ഗണനാ മേഖലകളില്‍നിന്ന് നിക്ഷേപം ആകര്‍ഷിക്കാനും നിക്ഷേപകര്‍ക്ക് മികച്ച ഇന്‍സെന്റീവുകള്‍ നല്‍കാനും ലക്ഷ്യമിടുന്നു. 50 കോടി രൂപവരെയുള്ള നിക്ഷേപമാണെങ്കില്‍ കെസ്വിഫ്റ്റില്‍ രജിസ്റ്റര്‍ ചെയ്താല്‍ മൂന്നു വര്‍ഷം വരെ അനുമതികളൊന്നുമില്ലാതെ വ്യവസായം നടത്താന്‍ കഴിയും. അതിന് മുകളിലുള്ള നിക്ഷേപമാണെങ്കില്‍ എല്ലാ രേഖകളോടും കൂടി അപേക്ഷ നല്കിയാല് ഏഴ് ദിവസത്തിനുള്ളില്‍ ലൈസന്‍സ് നല്കാന് നിഷ്കര്‍ഷിക്കുന്ന നിയമവും പാസാക്കി. വ്യവസായം ആരംഭിക്കുന്നതിനും നടത്തുന്നതിനും പരാതി ഉണ്ടെങ്കില്‍ 30 ദിവസത്തിനുള്ളില്‍ പരിഹരിക്കും. വീഴ്ച്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് പിഴ ചുമത്തുന്നതിനുമുള്ള നിയമവും പാസാക്കിയിട്ടുണ്ട്.
നൂറു കോടിയിലധികം മുതല്‍ മുടക്കുള്ള പ്രോജക്ടുകള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി വ്യവസായ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ ‘മീറ്റ് ദ മിനിസ്റ്റര്‍’ പദ്ധതി നടപ്പിലാക്കിവരുന്നുണ്ട്. നിക്ഷേപകര്‍ക്ക് തങ്ങളുടെ പദ്ധതികള്‍ മന്ത്രിക്കു മുന്നില്‍ അവതരിപ്പിക്കാം. പദ്ധതി നടപ്പിലാക്കി ഏകോപിപ്പിക്കുന്നതിന് ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുകയും ചെയ്യും. പ്രവാസികള്‍ നാട്ടില്‍ ഉള്ളപ്പോള്‍ത്തന്നെ ഇത്തരം വ്യവസായങ്ങളുടെ അനുമതിയും മീറ്റിംഗുകളും സംഘടിപ്പിക്കാന്‍ ഉതകുന്നവിധം ടോക്കണിംഗ് ടൈംലൈനിംഗും നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.