കണ്ണൂർ: രാഹുൽ ഗാന്ധി പറയുമ്പോൾ തിരിച്ചുകിട്ടുമെന്ന് നല്ലവണ്ണം കണക്കാക്കണമെന്ന് പി.വി.അൻവറിന്റെ വിവാദ പരാമർശത്തെപ്പറ്റിയുള്ള ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ‘‘ രാഹുൽ ഗാന്ധി പറയുമ്പോൾ ശ്രദ്ധിക്കണം, തിരിച്ചുകിട്ടുമെന്ന് നല്ലവണ്ണം കണക്കാക്കണം. അങ്ങനെ തിരിച്ചു കിട്ടാതിരിക്കത്തക്ക വ്യക്തിത്വമൊന്നുമല്ല രാഹുൽ ഗാന്ധി.രാഹുൽഗാന്ധിക്ക് നല്ല മാറ്റം വന്നുവെന്ന് പല സൗഹൃദസംഭാഷണങ്ങളിലും കോൺഗ്രസുകാർ തന്നെ പറഞ്ഞിരുന്നു. അദ്ദേഹം ഇന്ത്യയിലുടനീളം നടന്ന് ധാരാളം അനുഭവമൊക്കെ വന്നുവെന്നാണ് കരുതിയത്. പക്ഷെ ഈ ഘട്ടത്തിൽ അദ്ദേഹം കേരളത്തിൽ വന്നു പറഞ്ഞ കാര്യങ്ങൾ സാധാരണ രാഷ്ട്രീയ നേതാവിനു ചേർന്നതല്ല. രാജ്യത്ത് അതീവ ഗൗരവമായ വിഷയങ്ങൾ ഉയർന്നുവരുമ്പോൾ രാഹുൽ ഗാന്ധി ഇവിടെയുണ്ടാകില്ല. കേരളത്തിൽ വന്ന് ബിജെപിയെ സഹായിക്കുന്ന നിലപാട് രാഹുൽ ഗാന്ധിയെപ്പോലൊരാളിൽ നിന്നും ഉണ്ടാകുന്നത് അപക്വമാണ്. കേരളത്തിലെ നേതാക്കൾ പറഞ്ഞുകൊടുക്കുന്ന കാര്യങ്ങൾ ആവർത്തിക്കേണ്ട വ്യക്തിയല്ല രാഹുൽ. അതാണ് രാഹുൽ പഴയ പേരിലേക്ക് മാറരുതെന്ന് പറഞ്ഞത്. ആ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു’’– മുഖ്യമന്ത്രി പറഞ്ഞു.
പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര് കൂട്ടി ഉച്ചരിക്കാൻ പോലും യോഗ്യതയില്ലാത്ത ആളായി രാഹുൽ മാറിയെന്നാണ് അൻവർ പറഞ്ഞത്. രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണമെന്നും അൻവർ ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ജയിലില്‍ ആക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ച് രാഹുൽ നടത്തിയ പ്രസംഗത്തിന് മറുപടി ആയിരുന്നു അൻവറിന്റെ അധിക്ഷേപം.