തിരുവനന്തപുരം: ചെത്തുകാരൻ്റെ മകൻ എന്ന പ്രയോഗം തെറ്റായി കാണുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ മൂത്ത ജ്യേഷ്ഠൻ ചെത്തുകാരനായിരുന്നു, രണ്ടാമത്തെ ജ്യേഷ്ഠനും ചെത്ത് തൊഴിൽ അറിയാമായിരുന്നു, പക്ഷേ പിന്നീട് ബേക്കറി തുടങ്ങി. ഇതാണ് തന്റെ കുടുംബ പശ്ചാത്തലമെന്നും ഇത് താൻ തന്നെ മുൻപും പറഞ്ഞിട്ടുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെത്തുകാരന്റെ മകൻ എന്നത് ആക്ഷേപമല്ല, അഭിമാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സുധാകരൻ ബ്രണ്ണൻ കോളജിൽ പഠിക്കാൻ വന്ന കാലം മുതൽ എനിക്ക് അറിയാം. സുധാകരന് എന്നെയും അറിയാം. അതുകൊണ്ട് ചെത്തുകാരന്റെ മകനെന്ന് വിളിച്ച് ആക്ഷേപിച്ചതായി കാണുന്നില്ല. ഞാൻ ചെത്തുകാരന്റെ മകൻ തന്നെയാണല്ലോ. അതിൽ എനിക്ക് അഭിമാനവുമാണ്. മറ്റേതെങ്കിലും ദുർവൃത്തിയിലേർപ്പെട്ട ഒരാളുടെ മകനാണെന്ന് പറഞ്ഞാൽ, അതിൽ മകന് ഉത്തരവാദിത്തമില്ലെങ്കിലും, അതൊരു ജാള്യതയായി മാറും. എന്നാൽ ചെത്തുകാരന്റെ മകൻ എനന്തിൽ എനിക്ക് ഒരുതരത്തിലുള്ള ജാള്യതയോ, അപമാനമോ തോന്നുന്നില്ല.