തൃശ്ശൂര്‍: രാജസ്ഥാനിൽ കോൺഗ്രസിന്റെ തോൽവിക്ക് കാരണം അവരുടെ തന്നെ അത്യാര്‍ത്തിയാണെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസ്സിൽ തൃശ്ശൂര്‍ വടക്കഞ്ചേരി മണ്ഡലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജസ്ഥാനിൽ കൂടെക്കൂട്ടാൻ പറ്റുന്നവരെയൊന്നും കോൺഗ്രസ് ഒപ്പം ചേർത്തില്ല. താൻ പ്രമാണിത്ത ചിന്ത കാരണം അത് നടന്നില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി, സിപിഎം സ്ഥാനാര്‍ത്ഥികൾ സിറ്റിങ് സീറ്റിൽ പരാജയപ്പെട്ടതിന്റെ കാരണവും കോൺഗ്രസാണെന്ന് കുറ്റപ്പെടുത്തി.
വലിയ വർഗീയത പ്രചരിപ്പിക്കുന്നതിൽ നിന്ന് മധ്യപ്രദേശിലെ കോൺഗ്രസ് നേതാവ് കമൽനാഥിന് എന്താ വ്യത്യാസമെന്ന് പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഹനുമാൻ സേവകനാണെന്ന് പറഞ്ഞ് കമൽനാഥ് രംഗത്ത് വന്നു. സ്വയം ബിജെപിയുടെ ബി ടീമാകാനാണ് കമൽനാഥ് ശ്രമിച്ചത്. ബിജെപിയെ എവിടെയെങ്കിലും ശക്തിപ്പെടുത്തുന്ന ഒരു നിലപാട് സിപിഎമ്മിനില്ല. കോൺഗ്രസ് നിലനിൽക്കണം എന്നാണ് ആഗ്രഹം. രാജസ്ഥാനിലെ സിപിഎമ്മിന്റെ പരാജയം കോൺഗ്രസ് കാരണം സംഭവിച്ചതാണ്. ചില്ലറ വോട്ടിനാണ് തോറ്റത്. ബിജെപിയെ പരാജയപ്പെടുത്തണമെന്ന സമീപനമായിരുന്നു കോൺഗ്രസിന് ഉണ്ടാകേണ്ടിയിരുന്നത്. എന്നാൽ കോൺഗ്രസിന്റെ അത്യാര്‍ത്തിയാണ് തോൽവിക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.