വാഷിംഗ്ടൺ : വൈദ്യശാസ്ത്രരംഗത്ത് ചരിത്രം കുറിച്ചുകൊണ്ട് പന്നിയുടെ ഹൃദയം മനുഷ്യനില്‍ വിജയകരമായി മാറ്റിവെച്ചു. യു.എസിലെ മേരിലാന്‍ഡ് മെഡിക്കല്‍ സ്കൂളിലെ ഡോക്ടര്‍മാരാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്. ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയമാണ് ഡേവിഡ് ബെന്നറ്റ് എന്ന 57കാരനായ രോഗിയില്‍ ശസ്ത്രക്രിയയിലൂടെ മാറ്റിവെച്ചത്. ഹൃദയസംബന്ധമായ ഗുരുതര രോഗങ്ങള്‍ ചികിത്സിക്കുന്നതില്‍ നിര്‍ണായകമാകും ഈ സംഭവമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ പന്നിയുടെ വൃക്ക ആദ്യമായി മനുഷ്യശരീരത്തില്‍ പരീക്ഷിച്ചിരുന്നു.
യു.എസിലെ ന്യൂയോര്‍ക് സര്‍വകലാശാലയുടെ ലാംഗോണ്‍ ഹെല്‍ത്തിലെ ഡോക്ടര്‍മാരാണ് വിജയകരമായി പരീക്ഷണം പൂര്‍ത്തിയാക്കിയത്. മസ്തിഷ്ക മരണം സംഭവിച്ച സ്ത്രീയിലാണ് അന്ന് വൃക്കമാറ്റിവെക്കല്‍ പരീക്ഷണം നടത്തിയത്. രക്തപര്യയന വ്യവസ്ഥയുമായി കൂട്ടിച്ചേര്‍ത്തെങ്കിലും രോഗിയുടെ ശരീരത്തിന് പുറത്തായാണ് മൂന്ന് ദിവസം വൃക്ക സൂക്ഷിച്ചത് ഡേവിഡ് ബെന്നറ്റിന്റെ ആരോഗ്യനില ഏറെ മോശമായതിനാല്‍ മനുഷ്യഹൃദയം മാറ്റിവെക്കാനാവില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയിരുന്നു. തുടര്‍ന്നാണ് ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം വെച്ചുപിടിപ്പിക്കുക എന്ന പരീക്ഷണത്തിന് തയാറായത്.