
മനാമ: വിദേശത്തുള്ള ഒരു സംഘത്തിന്റെ സഹായത്തോടെ ഫോണ്‍ കോഡ് തട്ടിപ്പ് വഴി 1,100 ദിനാര്‍ തട്ടിയെടുത്ത കേസില്‍ ബഹ്റൈനിലെ ഏഷ്യന്‍ പ്രവാസിക്ക് കോടതി 3 വര്‍ഷം തടവും 1,000 ദിനാര്‍ പിഴയും വിധിച്ചു. ശിക്ഷ പൂര്‍ത്തിയായാല്‍ ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു.
കൂട്ടാളികളുമായി ചേര്‍ന്ന് ബഹ്റൈനിലെ പ്രവാസികളെ ഫോണില്‍ വിളിച്ച് സാമ്പത്തിക വാഗ്ദാനങ്ങള്‍ നല്കിയ ശേഷം അവരുടെ ഫോണില്‍ വരുന്ന വെരിഫിക്കേഷന് കോഡുകള്‍ പങ്കുവെക്കാന്‍ ആവശ്യപ്പെടുകയാണ് ഇയാളുടെ രീതി. കോഡ് കൈമാറിക്കഴിഞ്ഞാലുടന് കോള്‍ സ്വീകരിച്ചയാളുടെ അക്കൗണ്ടില്‍നിന്ന് പണം നഷ്ടമാകും.
പ്രതി നീതിന്യായ മന്ത്രാലയത്തിലെ ജീവനക്കാരനായി അഭിനയിച്ച് ഇങ്ങനെ കബളിപ്പിച്ച ഒരാള്‍ക്ക് 1,100 ദിനാര്‍ നഷ്ടമായിരുന്നു. അദ്ദേഹം നല്കിയ പരാതിയനുസരിച്ചാണ് കേസെടുത്തത്.
