
നാഗ്പുര്‍: ടി20 പരമ്പരിലെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനെ 48 റണ്‍സിന് തകര്‍ത്ത് ഇന്ത്യ. 239 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസിന് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ അഞ്ചു മത്സര പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി (1-0). 40 പന്തില്‍ നാലു ഫോറും ആറ് സിക്സും പറത്തി 78 റണ്‍സടിച്ച ഗ്ലെന്‍ ഫിലിപ്സ് ആണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്കോറര്‍. ഇന്ത്യക്കായി വരുണ്‍ ചക്രവര്‍ത്തിയും ശിവം ദുബെയും രണ്ട് വിക്കറ്റ് വീതമെടുത്തു.
ഡെവോണ്‍ കോണ്‍വെ (0), രചിന് രവീന്ദ്ര (1) എന്നിവരെ ആദ്യ ഒമ്പത് പന്തുകള്‍ക്കുള്ളില്‍ നഷ്ടമായി തകര്‍ച്ചയോടെയായിരുന്നു കിവീസിന്റെ തുടക്കം. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒന്നിച്ച ഫിലിപ്സ് – ടിം റോബിന്‍സണ്‍ സഖ്യം 30 പന്തില്‍ നിന്ന് 51 റണ്‍സ് ചേര്‍ത്ത് ഇന്നിങ്സ് ട്രാക്കിലാക്കി. 15 പന്തില്‍ നിന്ന് 21 റണ്‍സെടുത്ത റോബിന്‍സണെ മടക്കി വരുണ്‍ ചക്രവര്‍ത്തി ഈ കൂട്ടുകെട്ട് പൊളിച്ചു. എന്നാല്‍ പിന്നീട് ഫിലിപ്സ് കത്തിക്കയറുന്നതാണ് കണ്ടത്. നാലാം വിക്കറ്റില്‍ മാര്‍ക്ക് ചാപ്മാനെ കൂട്ടുപിടിച്ച് ഫിലിപ്സ് ഇന്ത്യന്‍ ബൗളര്‍മാരെ ശരിക്കും ബുദ്ധിമുട്ടിലാക്കി.
ഒടുവില്‍ അക്ഷര്‍ പട്ടേല്‍ ഫിലിപ്സിനെ മടക്കിയതോടെ ഇന്ത്യയ്ക്ക് ആശ്വാസമായി. ചാപ്മാനൊപ്പം 42 പന്തില്‍ നിന്ന് 79 റണ്‍സ് ചേര്‍ത്താണ് ഫിലിപ്സ് മടങ്ങിയത്. ചാപ്മാന് 24 പന്തില്‍ നിന്ന് രണ്ട് സിക്സും നാല് ഫോറുമടക്കം 39 റണ്‍സെടുത്ത് പുറത്തായി. ഡാരില്‍ മിച്ചലും (28), ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്നറും (20*) പൊരുതി നോക്കിയെങ്കിലും ലക്ഷ്യം അകലെയായിരുന്നു. ഇന്ത്യയ്ക്കായി ശിവം ദുബെയും വരുണ്‍ ചക്രവര്‍ത്തിയും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടമാപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെ കരുത്തിലാണ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 238 റണ്‍സടിച്ചത്. 35 പന്തില്‍ 84 റണ്‍സെടുത്ത അഭിഷേക് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 22 പന്തില്‍ 32 റണ്‍സടിച്ചപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യ 16 പന്തില്‍ 25ഉം റിങ്കു സിംഗ് 20 പന്തില്‍ 44 റണ്‍സുമെടുത്ത് പുറത്താകാതെ നിന്നു. രണ്ട് ബൗണ്ടറികളടിച്ച് മലയാളി താരം സഞ്ജു സാംസണ് 10 റണ്‍സെടുത്ത് മടങ്ങിയപ്പോള്‍ ഇഷാന് കിഷന് 8 റണ്‍സെടുത്ത് പുറത്തായി. ന്യൂസിലന്‍ഡിനായി ജേക്കബ് ഡഫിയും കെയ്ല്‍ ജമൈസണും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.


